National
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം: ബാന്‍ കി മൂണ്‍

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. സെക്രട്ടറിതല ചര്‍ച്ച നിര്‍ത്തിയതിന്റെയും അതിര്‍ത്തിയില്‍ പാക് സേന നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് മൂണിന്റെ ആഹ്വാനം.
ഇന്ത്യാ പാക് ബന്ധത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയ കുറിപ്പിലാണ് സെക്രട്ടറി ജനറല്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ബാന്‍ കി മൂണ്‍ പ്രശ്‌നത്തിലിടപെടുമോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇസ്‌ലാമാബാദില്‍ കഴിഞ്ഞ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ചയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. കാശ്മീരിലെ ഹുര്‍റിയത്, ജെ കെ എല്‍ എഫ് നേതാക്കളുമായി പാക് ഹൈക്കമ്മീഷനര്‍ അബ്ദുല്‍ ബാസിത് നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ചര്‍ച്ച റദ്ദാക്കിയത്. കഴിഞ്ഞ മൂന്നാഴ്ചയായി 21 തവണ പാക് അതിര്‍ത്തി രക്ഷാ സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ ഇന്നലെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. വെടിനിര്‍ത്തല്‍ ലംഘനങ്ങളോട് ഫലപ്രദമായ പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.