മെസിക്ക് ഡബിള്‍; ബാഴ്‌സക്ക് വിജയത്തുടക്കം

Posted on: August 26, 2014 12:26 am | Last updated: August 26, 2014 at 10:33 am

messiലണ്ടന്‍: സ്പാനിഷ് ലാ ലിഗ സീസണില്‍ ബാഴ്‌സലോണക്ക് വിജയത്തുടക്കം. പുതിയ കോച്ച് ലൂയിസ് എന്റിക്വെക്ക് മികച്ച തുടക്കം നല്‍കിയത് ഇരട്ടഗോളോടെ തിളങ്ങിയ ലയണല്‍ മെസിയാണ്. എല്‍ചെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സ തോല്‍പ്പിച്ചപ്പോള്‍ ഒരു ഗോള്‍ ബാഴ്‌സയുടെ ലാ മെസിയ അക്കാദമി പ്രൊഡക്ടായ മുനില്‍ എല്‍ ഹദാദിയുടെ വക. പതിനെട്ടുകാരന്‍ ലാ ലിഗയിലെ അരങ്ങേറ്റത്തില്‍ തന്നെ ഗോളടിച്ച് ശ്രദ്ധേയനായി. ഡിഫന്‍ഡര്‍ ജാവിയര്‍ മഷെറാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് ശേഷമാണ് ബാഴ്‌സലോണ രണ്ട് ഗോളുകള്‍ നേടിയത്. ലീഗിലെ മറ്റ് മത്സരങ്ങളില്‍ ഈബര്‍ 1-0ന് റയല്‍ സോസിഡാഡിനെയും സെല്‍റ്റാ വിഗോ 3-1ന് ഗെറ്റഫെയെയും വിയ്യാറയല്‍ 2-0ന് ലെവന്റയെയും തോല്‍പ്പിച്ചു.
ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റതിന്റെ നിരാശയില്‍ നിന്ന് മെസി മുക്തനായതിന്റെ തെളിവാണ് എല്‍ചെയുടെ വലയില്‍ വീണ ഗോളുകള്‍. നാല്‍പ്പത്തിരണ്ടാം മിനുട്ടിലായിരുന്നു അര്‍ജന്റീന താരത്തിന്റെ ഇടങ്കാലില്‍ നിന്ന് ആദ്യ ഗോള്‍ പിറന്നത്. രണ്ട് മിനുട്ടിനുള്ളില്‍ പ്രൊഫഷണല്‍ ഫൗളിനെ തുടര്‍ന്ന് മഷെറാനോ ചുവപ്പ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ (46 മിനുട്ട്) എല്‍ ഹദാദിയും ഇടങ്കാലില്‍ നിന്ന് ഗോള്‍ സൃഷ്ടിച്ചു. അറുപത്തിമൂന്നാം മിനുട്ടില്‍ മെസിയുടെ രണ്ടാം ഗോളില്‍ ബാഴ്‌സ ജയമുറപ്പാക്കി.
4-3-3 ശൈലിയിലായിരുന്നു എന്റിക്വെ തന്റെ ബാഴ്‌സലോണ നിരയെ വിന്യസിച്ചത്. ക്ലോഡിയോ ബ്രാവോ വല കാത്തു. ഡാനി ആല്‍വസ്, മഷെറാനോ, മാത്യു, അല്‍ബ എന്നിവര്‍ ഡിഫന്‍സില്‍. പുതുതായി ടീമിലെത്തിയ റാക്കിറ്റിച് മധ്യനിരയില്‍ ബുസ്‌ക്വുറ്റ്‌സ്, ഇനിയെസ്റ്റ എന്നിവര്‍ക്കൊപ്പം കളി മെനഞ്ഞു.
റാഫീഞ്ഞ, മെസി, മുനിര്‍ മുന്നേറ്റത്തിലും. ഉറുഗ്വെ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് വിലക്ക് നേരിടുന്നതും നെയ്മറിന് പരിക്കേറ്റതുമാണ് അക്കാദമി താരമായ മുനിറിന് അവസരമൊരുക്കിയത്. ബാഴ്‌സയുടെ ബി ടീമിന്റെ പരിശീലകനായിരുന്ന എന്റിക്വെക്ക് മുനിര്‍ എല്‍ ഹദാദിയെ ഏറെ പ്രതീക്ഷയോടെയാണ് മുന്‍നിരയില്‍ ഇറക്കിയത്. അക്കാദമയിലൂടെ വന്ന ആറ് പേരാണ് ബാഴ്‌സയുടെ ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചത്. മെസിയും ഇനിയെസ്റ്റയും അല്‍ബയും ബുസ്‌ക്വുറ്റ്‌സും റാഫീഞ്ഞയും ഇതിലുള്‍പ്പെടുന്നു.
ക്യാപ്റ്റന്റെ ആം ബാന്‍ഡണിഞ്ഞ ആന്ദ്രെ ഇനിയെസ്റ്റയും തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇനിയെസ്റ്റയുടെ രണ്ട് ഷോട്ടുകള്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. മഷെറാനോയെ നഷ്ടമായിട്ടും പൊസഷന്‍ നിലനിര്‍ത്താന്‍ ബാഴ്‌സയെ സഹായിച്ചത് ഇനിയെസ്റ്റയുടെ തന്ത്രപൂര്‍വമായ പാസിംഗ് ഗെയിമായിരുന്നു.
മധ്യനിരയില്‍ ഇവാന്‍ റാകിറ്റിചും മികച്ച പ്രകടനം പുറത്തെടുത്തു. മുനീറിന്റെ ഗോളിന് വഴിയൊരുക്കിയത് റാകിറ്റിചായിരുന്നു.
ലാ ലിഗയില്‍ ആദ്യമായി കളിക്കാനിറങ്ങിയ ഈബര്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ സോസിഡാഡിനെ അവര്‍ കീഴടക്കിയത് സ്പാനിഷ് ഫുട്‌ബോളിന് ആവേശമായി.
നാല്‍പ്പത്തഞ്ചാം മിനുട്ടില്‍ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളില്‍ ജാവി ലാറയാണ് ഈബറിന് ജയമൊരുക്കിയത്. ഗെറ്റഫെക്കെതിരെ സെല്‍റ്റ വിഗോയുടെ ഗോളുകള്‍ അഗുഡോ ഡുറാന്‍, ഓറെലാന, ലാറിവെ എന്നിവര്‍ നേടി.