Connect with us

Gulf

വീടുകളിലെ ഉപയോഗശൂന്യമായ മരുന്നുകള്‍ ആശങ്കക്ക് ഇടയാക്കുന്നു

Published

|

Last Updated

ദുബൈ: രാജ്യത്ത് മെഡിക്കല്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും വീടുകൡ അവശേഷിക്കുന്ന ഉപയോഗശൂന്യമായ മരുന്നുകള്‍ സംസ്‌കരിക്കാന്‍ സംവിധാനം ഇല്ലാത്തത് ആശങ്കക്ക് ഇടയാക്കുന്നു. പ്രമേഹ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുത്തിവെപ്പിനും മറ്റുമായി ഉപയോഗിക്കുന്ന സൂചികളും സിറിഞ്ചുകളുമെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇതോടൊപ്പം വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട് വീടുകളില്‍ നിന്നു പുറന്തള്ളുന്ന രക്തം കട്ടപിടിച്ച ബാന്റേജുകളും മറ്റും കടുത്ത ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഒട്ടുമിക്ക വീടുകളില്‍ നിന്നും ഇവ അടുക്കളയിലെ മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം റോഡരുകിലെ പൊതു മാലിന്യത്തൊട്ടികളിലേക്ക് പുറന്തള്ളുന്ന സ്ഥിതിയാണുള്ളത്.
2012ല്‍ ഇത്തരം വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഡി എച്ച് എ (ദുബൈ ഹെല്‍ത്ത് അതോറിറ്റി) ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. നിങ്ങളുടെ മരുന്നു പെട്ടി വൃത്തിയാക്കാം എന്ന പേരിലായിരുന്നു കാമ്പയിന്‍ ആരംഭിച്ചത്. പരിപാടിയുടെ ഭാഗമായി ഇത്തരം വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം അന്ന് നടപ്പാക്കിയിരുന്നു.
ദുബൈയിലെ 14 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായിരുന്നു ഇവ നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്. ദുബൈയിലെ പ്രധാന ആശുപത്രികളായ ദുബൈ ഹോസ്പിറ്റല്‍, റാശിദ് ഹോസ്പിറ്റല്‍, ലത്തീഫ ഹോസ്പിറ്റല്‍, ഹത്ത ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും മരുന്നുകളുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു.

 

Latest