പനമരത്ത് സ്പിരിറ്റ് പിടികൂടി; രണ്ടുപേര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു

Posted on: August 25, 2014 11:26 am | Last updated: August 25, 2014 at 11:26 am

മാനന്തവാടി: പനമരത്ത് പോലീസ് സ്പിരിറ്റ് പിടികൂടി. രണ്ടുപേര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള കെ.എല്‍. 1 എ.വൈ. 9070 നമ്പര്‍ ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന 600 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. 35 ലിറ്ററിന്റെ 18 ക്യാനുകളിലായാണ് സ്പിരിറ്റ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. വാഹനത്തിന്റെ പിന്‍സീറ്റ് എടുത്തുമാറ്റിയശേഷം പ്ലറ്റ്‌ഫോമില്‍ അടുക്കിവെച്ച ക്യാനുകള്‍ക്കു മുകളില്‍ കാവി വിരിച്ച രീതിയിലായിരുന്നു സ്പിരിറ്റുകള്‍ സൂക്ഷിച്ചിരുന്നത്. കര്‍ണ്ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാകാമെന്ന് പോലീസ് പറയുന്നു. പോലീസിനെ കണ്ട് ഈ വാഹനത്തിലുണ്ടായിരുന്നവര്‍ പുറകേവന്ന സ്വിഫ്റ്റ് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ കാറിനെ പോലീസ് പിന്‍തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. വയനാട് സയന്റിഫിക്ക് വകുപ്പും, വിരലടയാള വിദഗ്ധരും വാഹനത്തില്‍ പരിശോധന നടത്തിയ ശേഷം പോലീസിന്റെ ക്രെയിന്‍ ഉപയോഗിച്ച് വണ്ടി പനമരം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പ്രതികള്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മീനങ്ങാടി സി.ഐ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.