എന്റോസള്‍ഫാനേക്കാള്‍ ഭീഷണിയായി റബര്‍ തോട്ടങ്ങളില്‍ മാരക കീടനാശിനി

Posted on: August 25, 2014 11:10 am | Last updated: August 25, 2014 at 11:10 am

കോഴിക്കോട്: എന്റോസള്‍ഫാനേക്കാള്‍ അപകടകാരിയായ കീടനാശിനി റബര്‍ തോട്ടങ്ങളിലെത്തുന്നത് ഭീഷണിയായകുന്നു. കൂടിയ വീര്യമുള്ള റൗണ്ടപ്പ് എന്ന കീടനാശിനിയാണ് ജില്ലയിലെ മലയോര മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ വ്യാപകമായി പ്രയോഗിക്കുന്നത്. 

തലയാട്, പേരിമല, ചൂരത്തോട് ഭാഗങ്ങളിലെ റബര്‍ തോട്ടങ്ങളില്‍ സ്ഥിരമായി റൗണ്ടപ്പ് ഉപയോഗിക്കുന്നെന്ന പരാതി അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. മരുന്ന് തെളിച്ച ചെടികള്‍ ഒരു ദിവസത്തിനുള്ളില്‍ കരിഞ്ഞുപോകുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയാണ് പലരും റൗണ്ടപ്പ് അപകടമാണെന്ന് മനസ്സിലാക്കിയത്. റൗണ്ടപ്പ് പ്രയോഗിക്കുന്നത് പ്രദേശത്തെ ജലസ്രോതസ്സുകളെയും മലിനമാക്കുന്നുണ്ടെന്നാണ് പരാതി.
തദ്ദേശവാസികള്‍ക്ക് പകരം അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മാരകമായ ഈ കീടനാശിനി തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ബംഗാളില്‍ നിന്നും എത്തിയ തൊഴിലാളികള്‍ ഒരുവിധ സുരക്ഷാ മുന്നൊരുക്കവും ഇല്ലാതെയാണ് പലപ്പോഴും റൗണ്ടപ്പ് പോലുള്ളവ ഉപയോഗിക്കുന്നത്. മലയാളികളേക്കാള്‍ ശുഷ്‌കാന്തിയോടെ ജോലിചെയ്യുമെന്നതിനാല്‍ വന്‍കിട തോട്ടം ഉടമകള്‍ക്ക് ഇവര്‍ പ്രിയങ്കരരാണ്. കളനാശിനിയായ റൗണ്ടപ്പിന്റെ ഉപയോഗം മറ്റു തോട്ടങ്ങളിലേക്ക് കൂടി വ്യാപിക്കാനുള്ള സാധ്യതയും ഏറെയാണ്. ഉപയോഗിക്കുന്നവര്‍ക്ക് വിഷത്തെക്കുറിച്ചുള്ള അജ്ഞത കീടനാശിനി കമ്പനികള്‍ മുതലെടുക്കുകയാണ്.
ഫുരിഡാന്‍, ഫോറേറ്റ്, ഡൈമെക്രൊണ്‍, മോണൊക്രൊട്ടൊഫോസ്, ക്ലോര്‍പയറിഫോസ്, എക്കാലക്‌സ്, മാലത്തിയോണ്‍ തുടങ്ങി മാരകമായ കീടനാശിനികള്‍ നേരത്തെ തന്നെ തോട്ടങ്ങളില്‍ പ്രയോഗിച്ചുവരാറുണ്ട്. നിരോധിച്ച ഡിഡിറ്റിയും ലിന്‍ഡെയ്‌നുമൊക്കെ മലയോര മേഖല ഉള്‍പ്പെടെ പലഭാഗത്തും രഹസ്യമായി പ്രയോഗിക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍ ജില്ലയില്‍ എന്റോസള്‍ഫാന്‍ പ്രയോഗം താരതമ്യേന കുറവായിരുന്നു. ഇപ്പോള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ അപകടകാരിയായ റൗണ്ടപ്പ് മണ്ണിനെയും ജലത്തെയും വിഷമയമാക്കുന്നത് സാധാരണ കര്‍ഷകര്‍ അറിയുന്നില്ല. ഇവയുടെ അപകടവശത്തെ കുറിച്ച് കര്‍ഷകരും തൊഴിലാളികളും മനസ്സിലാക്കാന്‍ ശ്രമിക്കാറില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.