Connect with us

National

മുഖ്യമന്ത്രിമാര്‍ക്ക് അപമാനം: രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്, ഇടപെടാന്‍ മോദിക്ക് മേല്‍ സമ്മര്‍ദം

Published

|

Last Updated

ന്യൂഡല്‍ഹി/റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ തുടരെത്തുടരെ അപമാനിച്ചത് ബി ജെ പി നേതൃത്വത്തിനും കേന്ദ്ര സര്‍ക്കാറിനും തലവേദനയാകുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം മോദി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ നടന്ന പരിപാടി ബഹിഷ്‌കരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അതിന് തുടക്കം കുറിക്കുകയും ചെയ്തു. പലയിടത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും ലഭിച്ച വടിയായി മാറി ഇതെന്നാണ് ബി ജെ പിക്കകത്തെ ഒരു വിഭാഗം നേതാക്കളുടെ പക്ഷം. മോദി ഫാക്ടര്‍ ജ്വലിപ്പിച്ച് നിര്‍ത്തുന്നതു കൊണ്ടാണ് അദ്ദേഹമെത്തുന്ന വേദികളില്‍ പ്രവര്‍ത്തകര്‍ നിലവിടുന്നതെന്ന് ഇവര്‍ വാദിക്കുന്നു. മോദി ഫാക്ടര്‍ മാത്രം ആശ്രയിച്ചു നിന്നാല്‍ അടുത്തു വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചു കയറാനാകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രിയും ബി ജെ പി മുന്‍ പ്രസിഡന്റുമായ നിതിന്‍ ഗാഡ്കരി പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.
സംസ്ഥാനത്ത് മോദി പങ്കെടുത്ത ഒരു പരിപാടിയില്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റ ഝാര്‍ഖണ്ഡ് മുക്തി മേര്‍ച്ചാ നേതാവും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ബി ജെ പിക്കാര്‍ കൂവി വിളിച്ചിരുന്നു. വ്യാഴാഴ്ച ആയിരുന്നു ഇത്. ശനിയാഴ്ച കേന്ദ്ര ഉരുക്കു വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ റാഞ്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ജെ എം എം പ്രവര്‍ത്തകര്‍ “പകരം വീട്ടി”. വിമാനത്താവളത്തില്‍ ബി ജെ പി, ജെ എം എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇനി ഏത് കേന്ദ്ര മന്ത്രിമാര്‍ വന്നാലും ഇതേ “സ്വീകരണം” നല്‍കുമെന്നാണ് ജെ എം എമ്മിന്റെ പ്രഖ്യാപനം. വിഷയം കത്തിച്ചു നിര്‍ത്താന്‍ തന്നെയാണ് തീരുമാനമെന്നര്‍ഥം.
ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ മോദിയുടെ സാന്നിധ്യത്തില്‍ അപമാനിച്ചതോടെ മോദിയുമായി ഒരിക്കലും വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ഈ സാഹചര്യത്തില്‍ മോദി നേരിട്ട് പൊതു ക്ഷമാപണ പ്രസ്താവന നടത്തണമെന്നാണ് ബി ജെ പിക്കകത്തുള്ളവര്‍ പറയുന്നത്. രാഷ്ട്രീയ നീരീക്ഷകരും ഇതുതന്നെ പറയുന്നു. ബാലറ്റിലൂടെ ഈ അപമാനിക്കലിന് മറുപടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുയോഗത്തില്‍ ഹൂഡ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ എസ് നിഹാല്‍ സിംഗ് പറയുന്നു. മുഖ്യമന്ത്രിമാരുടെ മാന്യത കാത്തുസൂക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ബാധ്യതയുണ്ടെന്ന് നിഹാല്‍ സിംഗ് പറഞ്ഞു. ജനക്കൂട്ടത്തോട് ശാന്തരാകാന്‍ നിര്‍ദേശം നല്‍കുന്നതിന് പകരം അത് ആസ്വദിക്കുകയാണ് മോദി ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകയായ നീരജ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി അപ്പോള്‍ തന്നെ ഇടപെട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മാന്യത ഏറെ ഉയര്‍ന്നേനേ. ഏതാനും മാസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് ബി ജെ പി മനസ്സിലാക്കണം. മറ്റു കക്ഷികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് ഇത് ഫലപ്രദമായ ആയുധമാക്കും. കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിമാര്‍ അപമാനിക്കപ്പെടുന്നത്. ഇത് അതത് സംസ്ഥാനങ്ങള്‍ അപമാനിക്കപ്പെടുന്നതിന് തുല്യമാണെന്നും അവര്‍ വിലയിരുത്തുന്നു.
എന്‍ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ അപമാനിക്കലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അനാരോഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍ പറഞ്ഞു.
പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ അപമാനിക്കപ്പെടുന്നതിന് തുടക്കം കുറിച്ചത് കാശ്മീരില്‍ നിന്നാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശക്കീല്‍ അഹ്മദ് പറഞ്ഞു. ആത്മാഭിമാനമുള്ള ഒരു മുഖ്യമന്ത്രിയും മോദിയുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, ഭൂപീന്ദര്‍ ഹൂഡയെ ചായ സത്കാരത്തിന് ക്ഷണിക്കാന്‍ ശ്രമിച്ച് പ്രശ്‌നം തണുപ്പിക്കാന്‍ മോദി ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും ഇത് തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കം.