Connect with us

Kerala

സുധീരനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം

Published

|

Last Updated

vm sudheeranതിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ കെ പി സി സി പ്രസിഡന്റ് വി എം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് ഭേദമന്യേ പടയൊരുക്കം. സമ്പൂര്‍ണ മദ്യനിരോധത്തിന് വഴിതുറക്കും വിധമുള്ള നയം പ്രഖ്യാപിച്ച് സുധീരനേക്കാള്‍ വലിയ മദ്യവിരുദ്ധര്‍ തങ്ങളാണെന്ന് സ്ഥാപിച്ച ശേഷമാണ് പുതിയ നീക്കം. സര്‍ക്കാറിനെ സുധീരന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയതോടെയാണ് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ അവസാനിച്ചതെന്നാണ് കോണ്‍ഗ്രസിനുള്ളിലെ സംസാരം. സര്‍ക്കാറിന് മേല്‍ സുധീരന്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുന്നുവെന്ന പരാതിയാണ് ഇവര്‍ ഉന്നയിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുന്‍നിര്‍ത്തി ഐ ഗ്രൂപ്പ് സുധീരനെതിരെ പരാതി നല്‍കിക്കഴിഞ്ഞു. അതേസമയം, പാര്‍ട്ടിക്ക് വലിയ പരുക്കേല്‍ക്കാത്ത സംസ്ഥാനമായ കേരളത്തിലുണ്ടായ പുതിയ സംഭവവികാസങ്ങള്‍ ഹൈക്കമാന്‍ഡിനെയും അസ്വസ്ഥമാക്കുന്നുണ്ട്. 

ഭരണത്തില്‍ പാര്‍ട്ടി അമിതമായി ഇടപെടുന്നുവെന്ന പരാതിയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഇക്കാര്യത്തില്‍ അടക്കം പറയുന്നു. താന്‍ പ്രസിഡന്റായപ്പോള്‍ സര്‍ക്കാറിന് മേല്‍ അമിതമായ ഇടപെടല്‍ നടത്തിയിരുന്നില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഇതോട് ചേര്‍ത്തു വായിക്കണം. പരസ്യ പ്രതികരണം നടത്തി എ ഗ്രൂപ്പാണ് സുധീരനെതിരെ ആദ്യം രംഗത്തു വന്നതെങ്കില്‍ സമാന നിലപാട് തന്നെയാണ് ഐ ഗ്രൂപ്പും പ്രകടിപ്പിക്കുന്നത്. പരസ്യ പ്രതികരണം നടത്തി പ്രശ്‌നം വഷളാക്കുന്നതിന് പകരം പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചിരിക്കുകയാണ്. ബാര്‍ പ്രശ്‌നത്തില്‍ കെ പി സി സി പ്രസിഡന്റ് കൈക്കൊണ്ട നിലപാടുകളും പൊതു അഭിപ്രായ പ്രകടനവും സര്‍ക്കാറിനെ വെട്ടിലാക്കി എന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ സുധീരന്‍ നടത്തിയ പ്രസംഗം മുഖ്യമന്ത്രിയെയും മന്ത്രിസഭയെ ആകെ തന്നെയും മദ്യ ലോബിയുടെ വക്താക്കളായി ചിത്രീകരിക്കുന്നതിന് തുല്യമായിരുന്നു. സുധീരന്റെ പ്രസംഗം സര്‍ക്കാറിന്റെ വിശ്വാസ്യതയെ നേരിട്ട് ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയിലുണ്ട്.
വ്യക്തിതാത്പര്യം മാത്രം കണക്കിലെടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത സൃഷ്ടിക്കുന്നു. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രം സുധീരന്‍ ശ്രമിച്ചുവെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. ബാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും മുന്നോട്ടുവെച്ച അഭിപ്രായങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും സുധീരന്‍ തയ്യാറായില്ല. പാര്‍ട്ടി എക്‌സിക്യൂട്ടീവിലും ജനറല്‍ ബോഡിയിലും ഉയര്‍ന്നുവന്ന അഭിപ്രായങ്ങളെ പാര്‍ട്ടി തീരുമാനമായി ചിത്രീകരിച്ചത് ശരിയായില്ലെന്ന വിമര്‍ശവും ഐ ഗ്രൂപ്പിനുണ്ട്.
മദ്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ശേഷമാണ് പരാതിയെന്നതിനാല്‍ മറ്റു വിമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാറിനെ വിമര്‍ശിച്ച സുധീരനുള്ള മറുപടി തന്നെയായിരുന്നു നേരത്തെ തയ്യാറാക്കി യു ഡി എഫ് യോഗത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച മദ്യനയം. 412 ബാറുകള്‍ തുറക്കരുതെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടിരുന്നതെങ്കില്‍ തുറന്നത് കൂടി പൂട്ടുകയെന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശം. ചിലര്‍ക്ക് അനുമതി നല്‍കുകയും മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നതിലെ നിയമ, പ്രായോഗിക പ്രശ്‌നങ്ങളാണ് നേരത്തെ മുതല്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നത്. അതിലെ ശരി സ്ഥാപിക്കാന്‍ പുതിയ തീരുമാനത്തിലൂടെ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുമുണ്ട്. യു ഡി എഫിന്റെ ശിപാര്‍ശ വന്ന് മണിക്കൂറുകള്‍ പിന്നിടും മുമ്പ് തീരുമാനമെടുത്ത് ഇന്നലെ ഉത്തരവും ഇറക്കി. അതേസമയം, കേരളത്തിലെ പാര്‍ട്ടി – സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍വിജയം കൈവരിച്ച സംസ്ഥാനത്തെ പാര്‍ട്ടിയിലെ ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ ഗുണം ചെയ്യില്ല. കേരളത്തിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം കൊണ്ടുവന്നത്. എന്നിട്ടും മാറ്റങ്ങള്‍ ഉണ്ടാകാത്തതാണ് അതൃപതിക്ക് വഴിവച്ചത്.
കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്മാര്‍ സോണിയാ ഗാന്ധിയെ കണ്ട് ബാര്‍ വിഷയത്തില്‍ തീരുമാനമാകാത്തതില്‍ അതൃപ്തി അറിയിച്ചിരുന്നു. അതിനുശേഷം എ കെ ആന്റണിയുമായി സോണിയ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ തന്നെ തീരുമാനമുണ്ടാക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, അതിനു ശേഷവും പരസ്പരം പോരടിച്ചതാണ് ഹൈക്കമാന്‍ഡിന്റെ അതൃപ്തിക്ക് ഇടയാക്കിയിരിക്കുന്നത്.