Connect with us

International

റഷ്യന്‍ വാഹന വ്യൂഹം ഉക്രൈന്‍ വിടണമെന്ന് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: ഉക്രൈനില്‍ നിന്ന് റഷ്യ അടിയന്തരമായി വാഹനവ്യൂഹങ്ങളെ പിന്‍വലിക്കണമെന്നും ആ രാജ്യത്തിന്റെ അഖണ്ഡതയെ ബഹുമാനിച്ചില്ലെങ്കില്‍ കൂടുതല്‍ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുടെ മുന്നറിയിപ്പ്. ഉക്രൈനിലെ യുദ്ധമേഖലയില്‍ ശത്രുക്കള്‍ വളഞ്ഞ സിവിലിയന്‍മാര്‍ക്കുള്ള സഹായസാമഗ്രികളുമായാണ് ട്രക്കുകളെത്തിയതെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ഉക്രൈന്‍ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല. ഉക്രൈനിന്റെ അനുമതിയില്ലാതെ റഷ്യന്‍ വാഹനവ്യൂഹങ്ങള്‍ രാജ്യത്ത് കടന്നത് അധിനിവേശമാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യന്‍ നടപടിയെ തങ്ങള്‍ അപലപിക്കുകയാണെന്നും ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് കെയ്റ്റിലിന്‍ ഹെയ്ഡന്‍ പറഞ്ഞു. ഉക്രൈനിന്റെ അഖണ്ഡതയേയും ദേശീയതയേയും റഷ്യ ലംഘിച്ചിരിക്കുകയാണ്. ഉക്രൈനില്‍ നിന്ന് വാഹനവ്യൂഹങ്ങളേയും അതിലുള്ളവരേയും തീര്‍ച്ചയായും പിന്‍വലിക്കണം. റെഡ്‌ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയുടെ അംഗീകാരമില്ലാതെ നടത്തുന്ന സഹായവിതരണം നീതിപൂര്‍വമല്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. റഷ്യന്‍ നടപടിയെ അപലപിച്ച പെന്റഗണ്‍ വക്താവ് റിയര്‍ അഡ്മിറല്‍ ജോണ്‍ കിര്‍ബി കൂടുതല്‍ ഒറ്റപ്പെടുന്ന രീതിയില്‍ അന്താരാഷ്ട്ര ഉപരോധത്തെ റഷ്യ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. ഉക്രൈനിന്റെ എതിര്‍പ്പുകളെ മറികടന്ന് 20 റഷ്യന്‍ ട്രക്കുകള്‍ വിമതരുടെ ശക്തികേന്ദ്രമായ ലുഹാന്‍സ്‌കയിലെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest