രാജ്യത്തെ സ്‌കൂളുകളിലും സര്‍വകലാശാലകളിലും വൈ ഫൈ സംവിധാനമേര്‍പ്പെടുത്തുന്നു

Posted on: August 23, 2014 12:48 am | Last updated: August 23, 2014 at 12:48 am

WIFIന്യൂഡല്‍ഹി: രാജ്യത്തെ രണ്ടര ലക്ഷം സ്‌കൂളുകളിലും എല്ലാ സര്‍വകലാശാലകളിലും വൈ ഫൈ സംവിധാനമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തെ 1.7 കോടി ജനങ്ങള്‍ക്ക് നേരിട്ടും 8.5 കോടി ജനങ്ങള്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 2019 ഓടെ ഘട്ടം ഘട്ടമായാണ് പദ്ധതികള്‍ക്ക് തുടക്കം കുറിക്കുക.
രാജ്യത്തെ രണ്ടര ലക്ഷം സ്‌കൂളുകളിലും സര്‍വകലാശാലകളിലും സൗജന്യമായിട്ടാണ് വൈ ഫൈ സംവിധാനം ലഭ്യമാക്കുക. പൊതുജനങ്ങള്‍ക്ക് സൗജന്യ വൈ ഫൈ സ്‌പോട്ടുകള്‍ ഏര്‍പ്പെടുത്തും. 2016 ഡിസംബറോടെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിന് മുമ്പായി മൊബൈല്‍ കവറേജ് ഇല്ലാത്ത കുന്നിന്‍ പ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഇത് വ്യാപിപ്പിക്കും. പോസ്റ്റോഫിസുകളെ ബഹുസേവന കേന്ദ്രങ്ങളായി വികസിപ്പിക്കും. പണമടക്കാനുള്ള സംവിധാനം, ഇന്റര്‍നെറ്റ് ആക്‌സസ് പോയന്റുകള്‍, മൊബൈല്‍ പ്ലാറ്റ്‌ഫോം തുടങ്ങിയവയാണ് പോസ്റ്റോഫീസുകളില്‍ കൊണ്ടുവരികയെന്ന് ഡിജിറ്റല്‍ ഇന്ത്യയുടെ രേഖകളില്‍ വ്യക്തമാക്കുന്നു.
ആരോഗ്യ മേഖലയില്‍ ഇന്റര്‍നെറ്റ്‌വത്കരണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചികിത്സ, ഇന്റര്‍നെറ്റ് വഴി ചികിത്സാ രേഖകള്‍ നല്‍കല്‍, ഓണ്‍ലൈന്‍ മരുന്ന് വിതരണം എന്നിവ ഏര്‍പ്പെടുത്തും.
ഡിജിറ്റല്‍ ഇന്ത്യയുടെ പൈലറ്റ് പദ്ധതിക്ക് 2015 ഓടെ തുടക്കമാകും. 2018 ഓടെ ഇത് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും.
ഈ മേഖലയില്‍ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായി 1.7 കോടി ജനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഐ ടി, ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലായിരിക്കും ഇവര്‍ക്ക് നേരിട്ട് ജോലി ലഭിക്കുക. ഇ ഗവേണന്‍സ്, ഇ സര്‍വീസ് മേഖലകളില്‍ ഇവര്‍ക്ക് പ്രാവീണ്യം നല്‍കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി പദ്ധതി നേരിട്ട് നിരീക്ഷിക്കും.