മോദി സര്‍ക്കാറിനെതിരെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍

Posted on: August 22, 2014 6:00 am | Last updated: August 22, 2014 at 12:04 am

ന്യൂഡല്‍ഹി: ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണമെന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറൈശി സുപ്രീം കോടതിയെ സമീപിച്ചു. യു പി എ സര്‍ക്കാര്‍ നിയമിച്ച ഏറെ ഗവര്‍ണര്‍മാര്‍ എന്‍ ഡി എ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇതിനകം സ്ഥാനം രാജിവെച്ചിട്ടുണ്ട്.
അതിനിടയിലാണ് ഉത്തരാഖണ്ഡ് ഗവര്‍ണറുടെ അനിതരസാധാരണ നീക്കം. ഗവര്‍ണരെ വിളിച്ച് രാജിവെക്കാന്‍ ആവശ്യപ്പെടാനുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ‘ആധികാരികത’യെയാണ് അസീസ് ഖുറൈശി സുപ്രീം കോടതിയില്‍ ചോദ്യംചെയ്യുന്നത്. ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് മുമ്പാകെയാണ് അസീസിന്റെ ഹരജി വ്യാഴാഴ്ച ലിസ്റ്റ് ചെയ്തത്. സ്ഥാനം ‘ദുരുപയോഗം’ ചെയ്തുവെന്നാരോപിച്ച് ഗുജറാത്തില്‍ നിന്നും മിസോറാമിലേക്ക് സ്ഥലംമാറ്റിയ ഗവര്‍ണര്‍ കമല ബേനിവാളിനെ തത്സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.
‘ഭരണഘടനയുടെ 156(1) ആര്‍ട്ടിക്കിള്‍ അനുസരിച്ച് രാഷ്ട്രപതിയുടെ സമ്മര്‍ദം കുറക്കാനാണ് ഗവര്‍ണര്‍ അധികാരത്തിലിരിക്കുന്നത്. രാഷ്ട്രപതിക്ക് വിശ്വാസമുണ്ടെങ്കില്‍ അഞ്ചുവര്‍ഷവും അധികാരത്തില്‍ തുടരുമെന്ന് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് പറഞ്ഞു. തന്നോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുന്നുവെങ്കില്‍ അതിനുള്ള അധികാരം രാഷ്ട്രപതിക്കല്ലാതെ മറ്റാര്‍ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു ഗവര്‍ണരെ നീക്കംചെയ്യുന്നതിന് രാഷ്ട്രപതി കാരണം വെളിപ്പെടുത്തുകയോ, വിവരം അറിയിക്കുകയോ വേണ്ടതില്ല. മാറ്റുന്നതിന് ഒരു കാരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതൊന്നുമില്ലാതെ മന്ത്രിസഭയുടെ ഉപദേശപ്രകാരം എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമായിരിക്കും’- ഭരണഘടനാബഞ്ച് പറഞ്ഞു. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിന്റെ ഒരു ജീവനക്കാരനല്ലെന്ന് സുപ്രീം കോടതി വ്യക്തമായി തീര്‍പ്പ് കല്‍പിച്ചിട്ടുണ്ടെന്നും അസീസ് ചൂണ്ടിക്കാട്ടി.