Connect with us

Gulf

ഗള്‍ഫ് പ്രവാസികള്‍ സ്‌കൂള്‍ ഫീസിനത്തില്‍ പ്രതിവര്‍ഷം ചെലവഴിക്കുന്നത് 36,000 കോടി രൂപ

Published

|

Last Updated

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിലെ വിദേശികള്‍ മക്കളുടെ സ്‌കൂള്‍ ഫീസ് ഇനത്തില്‍ പ്രതിവര്‍ഷം 36,000 കോടി രൂപ ചെലവഴിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഗള്‍ഫ് ബിസിനസ് സൈറ്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

വിദ്യാഭ്യാസ രംഗം ഗള്‍ഫ് മേഖലയില്‍ ഏറ്റവും വലിയ വ്യവസായമായി വളരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിവര്‍ഷം ആറു മില്യണ്‍ യു എസ് ഡോളര്‍ അഥവാ 36,000 കോടി രൂപയാണ് പ്രവാസികള്‍ തങ്ങളുടെ മക്കളുടെ സ്‌കൂള്‍ ഫീസ് ഇനത്തില്‍ ഗള്‍ഫ് നാടുകളില്‍ ചെലവിടുന്നത്. ഗള്‍ഫില്‍ ആകെയുള്ള 982 വിദേശ വിദ്യാലയങ്ങളില്‍ ഇത്രയും ഭീമമായ സംഖ്യയാണ് രക്ഷിതാക്കള്‍ ഫീസിനത്തില്‍ മാത്രമായി ചെലവഴിക്കേണ്ടിവരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന വ്യവസായം വിദ്യാഭ്യാസ മേഖലയാണെന്ന് നിരവധി പഠന റിപ്പോര്‍ട്ടും ഇതിന് മുമ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കണ്‍സള്‍ട്ടന്‍സിയുടെ ഗള്‍ഫ് മേഖല പുറത്ത്‌വിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സ്‌കൂള്‍ വ്യവസായത്തെ കുറിച്ച് വിശദമാക്കുന്നത്. 439 വിദേശ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന യു എ ഇയാണ് ഏറെ മുന്നിലുള്ളത്. സഊദിയില്‍ 195 വിദേശ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഖത്തറില്‍ നിലവില്‍ 130 വിദ്യാലയങ്ങളാണുള്ളത്.
പുതിയ 26 ഉന്നത പഠന കേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. ഒമാനില്‍ 58ഉം കുവൈത്തില്‍ 50ഉം വിദേശ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജോലി ചെയ്യുന്നതിന്റെ ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസത്തിന് ചിലവഴിക്കേണ്ടുന്ന അവസ്ഥയാണ് പല രക്ഷിതാക്കള്‍ക്കുമുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് തുടരെ വര്‍ധിപ്പിക്കുന്ന അവസ്ഥയാണ് ഗള്‍ഫ് നാടുകളില്‍ കാണാന്‍ കഴിയുന്നത്. നിലവിലുള്ള ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷാര്‍ജയില്‍ ഒരു കൂട്ടം വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കുറക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് സാംസ്‌കാരിക സംഘടനകള്‍.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest