സേവനം ഇപ്പോള്‍ അവകാശം: വീഴ്ച വരുത്തിയാല്‍ 5000 രൂപ വരെ പിഴ

Posted on: August 21, 2014 10:13 am | Last updated: August 21, 2014 at 10:13 am

rupeeകല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സേവനാവകാശ നിയമം 2012 സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ഈ നിയമമനുസരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ ഓരോ പൗരന്റേയും അവകാശമായി മാറും. ഓരോ ഓഫിസില്‍ നിന്നും ലഭിക്കേണ്ട വ്യത്യസ്ത സേവനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. സേവനം നല്‍കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥനേയും സേവനം നല്‍കുന്നതില്‍ വീഴ്ചയോ കാലതാമസമോ ഉണ്ടായാല്‍ അപ്പില്‍ നല്‍കേണ്ട അധികാരികളേയും ഈ നിയമ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് സമയബന്ധിതമായി സേവനം ലഭിക്കേണ്ടത് ഔദാര്യമല്ല തങ്ങളുടെ അവകാശമാണ് എന്ന തിരിച്ചറിവ് പൊതുജനങ്ങളിലുണ്ടാവണം. വിവരാവകാശ നിയമം രാജ്യത്തുണ്ടാക്കിയ മാറ്റംപോലെ സുപ്രധാനമായ മാറ്റം ഭരണരംഗത്തുണ്ടാക്കാന്‍ ഈ നിയമത്തിന് സാധിക്കും. നിയുക്ത ഉദ്യോഗസ്ഥന്‍ മതിയായതും യുക്തിസഹവുമായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ടാം അപ്പീല്‍ അധികാരിക്ക് രേഖാമൂലമുള്ള ഉത്തരവിലൂടെ 500 രൂപയില്‍ കുറയാത്തതും 5000 രൂപയില്‍ കൂടാത്തതുമായ പിഴ ചുമത്താവുന്നതാണ്.
ഈ നിയമമനുസരിച്ച് വില്ലേജ് ഓഫീസില്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ലഭിച്ചാല്‍ ആറ് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിയുക്ത ഉദ്യോഗസ്ഥന്‍ വില്ലേജ് ഓഫീസര്‍ ആണ്. ഒന്നാം അപ്പീല്‍ അധികാരി തഹസില്‍ദാരും രണ്ടാം അപ്പീല്‍ അധികാരി റവന്യൂ ഡിവിഷണല്‍ ഓഫീസറുമാണ്. ജാതി സംബന്ധിച്ച സംശയമില്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം (പട്ടികജാതി/വര്‍ഗ്ഗം ഒഴികെ) നല്‍കണം. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് പരമാവധി മൂന്ന് ദിവസത്തിനകവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഏഴ് ദിവസത്തിനകവും നല്‍കണം. താലൂക്ക്, റവന്യൂ ഡിവിഷണല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ജനന സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ നടത്തുന്ന ദിവസവും കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകവും അപേക്ഷകന് നല്‍കണം. ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നതിന് പരമാവധി സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ നിയമത്തില്‍ ദിവസം എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് പ്രവൃത്തി ദിവസം എന്നാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ ഓഫീസുകളില്‍ നിന്ന് നല്‍കേണ്ട സേവനങ്ങളുടെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് 46 വകുപ്പുകളിലൂടെ ലഭിക്കുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.