Connect with us

Wayanad

ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം

Published

|

Last Updated

കല്‍പ്പറ്റ: ശമ്പള വര്‍ധനവും 20 ശതമാനം ബോണസും ആവശ്യപ്പെട്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പൂര്‍ണം. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമര സമതിയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്. മൂന്ന് തവണ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. ജില്ലയിലെ ആയിരക്കണക്കില്‍ ജനങ്ങളുടെ യാത്രാപ്രശ്‌നം രൂക്ഷമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പായിട്ടു കൂടി ഉടമസ്ഥരെ ഇതിന്റെ ഗൗരവം ബോധ്യപ്പെടുത്തി സമരത്തിന്റെ സാഹചര്യം ഒഴിവാക്കുന്നതില്‍ ജില്ലാ ഭരണകൂടവും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി നോട്ടീസ് കൊടുത്തത് പ്രകാരം എല്ലാ തൊഴിലാളി യൂണിയനുകളും ചേര്‍ന്ന് പണിമുടക്ക് ആരംഭിച്ചത്. സ്വകാര്യ ബസുകള്‍ പണിമുടക്കിയതോട് വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വലഞ്ഞു. പല റൂട്ടുകളിലും ടാക്‌സി വാഹനങ്ങളുടെ ലോക്കല്‍ സര്‍വീസുകള്‍ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിക്കും കഴിഞ്ഞില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ ഭരണകൂടവും സര്‍ക്കാറും ഇടപെടണമെന്ന് സമീഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ആവശ്യപ്പെടുന്നു. പണിമുടക്കിയ ബസ് തൊഴിലാളികള്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. ആവശ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന മാനേജ്‌മെന്റ് നിലപാട് തുടര്‍ന്നാല്‍ ബഹുജന സഹകരണത്തോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി പി ആലിയും ജനറല്‍ കണ്‍വീനര്‍ എന്‍ എം ആന്റണിയും അറിയിച്ചു.

Latest