Connect with us

Malappuram

ബൈക്കുകളും ബസുകളിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘം പിടിയില്‍

Published

|

Last Updated

കൊണ്ടോട്ടി: ബൈക്കുകളും ടൂറിസ്റ്റ് ബസുകളിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുള്‍പ്പെടെ നാല്‍വര്‍ സംഘത്തെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തത്. പെരുവള്ളൂര്‍ കാടപ്പടി തൊട്ടിപ്പറമ്പന്‍ നിസാമുദ്ദീന്‍(18), 16നും 18നും ഇടയില്‍ പ്രായമുള്ള കാക്കഞ്ചേരി, ഐക്കരപ്പടി സ്വദേശികളും ഫോര്‍ട്ടുകൊച്ചി സ്വദേശിയും ഫറോക്കില്‍ താമസക്കാരനുമായ ഒരാളെയുമാണ് പിടികൂടിയത്. ഇവര്‍ മോഷ്ടിച്ച മൂന്ന് ബൈക്കുകളും ടൂറിസ്റ്റ് ബസുകളിലെ വൂഫര്‍ മൈക്ക് ആംപ്ലിഫയര്‍, ഡി വി ഡി പ്ലയര്‍ തുടങ്ങിയവയും പോലീസ് കണ്ടെത്തി. പുലര്‍ച്ചെ വാഹന പരിശോധനക്കിടെ സംശയാസ്പദമായ രീതിയില്‍ ബൈക്കില്‍ സഞ്ചരിച്ച രണ്ട് പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. ഇവരോടിച്ചിരുന്ന പള്‍സര്‍ ബൈക്ക് പുളിക്കലില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. 

നിസാമുദ്ദീന്റെയും ഫോര്‍ട്ടുകൊച്ചി സ്വദേശിയുടെയും പങ്ക് വെളിപ്പെടുത്തിയ ഇവര്‍ കൈതക്കുണ്ട്, പുളിക്കല്‍, പറവൂര്‍ എന്നിവടങ്ങളില്‍ നിന്ന് വേറെയും ബൈക്കുകളും ടൂറിസ്റ്റ് ബസുകളില്‍ നിന്ന് സൗണ്ട് ഉപകരണങ്ങളും മോഷ്ടിച്ചിട്ടുണ്ടെന്നും മൊഴിനല്‍കി. തുടര്‍ന്ന് നിസാമുദ്ദീനെയും ഫോര്‍ട്ട് കൊച്ചി സ്വദേശിയെയും വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷ്ടിച്ച ഒരു ബൈക്ക് ഫറോഖിലെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. മോഷണക്കേസില്‍ നേരത്തെ ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിട്ടുള്ളയാളാണ് ഈ പ്രതി. കോഴിക്കോട് സരോവരം പാര്‍ക്കിന് സമീപത്ത് വച്ച രാജേശ്വരി ടൂറിസ്റ്റ് ബസ്സിലെ വൂഫര്‍,ഡിവിഡി പ്ലയര്‍,മൈക്, സ്റ്റീരിയോ ആംപ്ലിഫയര്‍, രാമനാട്ടുകര പൂവന്നൂര്‍ പള്ളിയില്‍ വച്ച എം ടി എസ് ബസില്‍ നിന്ന് രണ്ട് സബ് വൂഫര്‍, മൈക്ക്, ലേസര്‍, ഡി വി ഡി പ്ലയര്‍, അഴിഞ്ഞിലം പാറമ്മലിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട മുസാഫിര്‍ ബസില്‍ നിന്ന് വൂഫര്‍, സ്പീക്കര്‍ എന്നിവ മോഷ്ടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ബസുകളില്‍ നിന്ന മോഷ്ടിച്ച സാധനങ്ങളില്‍ ചിലത് ചുരുങ്ങിയ വിലക്ക് വിറ്റിരുന്നു. നിസാമുദ്ദീന്‍ സുഹൃത്തുക്കളുടെ ലൈസന്‍സ് വാങ്ങി പകര്‍പ്പെടുത്ത് ഫോട്ടോ മാറ്റിയൊട്ടിച്ച് വ്യാജ ലൈസന്‍സുണ്ടാക്കിയതായും പോലീസ് പറഞ്ഞു. വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുന്നതിലും ഇവര്‍ വിരുതന്‍മാരാണ്.ഇത്തരത്തില്‍ നിരവധി വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുകയും ചെയ്തിട്ടുണ്ട്.
നിസാമുദ്ദീനെ ജുഡീഷ്യല്‍ ഒന്നാംക്ലസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റുള്ളവരെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിലും ഹാജരാക്കി. ഡി വൈ എസ് പി. എസ് അഭിലാഷിന്റെ നിര്‍ദ്ദേശത്തില്‍ സി ഐ. ബി സന്തോഷ്, എസ് ഐ. കെ ശ്രീകുമാര്‍,എ എസ് ഐ.മോഹന്‍ദാസ്, ഒ പ്രശാന്ത്, വി പത്മരാജ്, ടി ശ്രീരാമന്‍, രാജീവ്,എ ദിനേഷ്‌കുമാര്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളായ ,സത്യനാഥന്‍, ശശി കുണ്ടറക്കാട് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Latest