Connect with us

Kozhikode

'ജാംഗ്രാബ്' അടുത്തമാസം 27ന് സ്വപ്‌ന നഗരിയില്‍ നടക്കും

Published

|

Last Updated

കോഴിക്കോട്: മലയാളത്തിലെ എട്ട് യുവ സംഗീത സംവിധായകര്‍ ഒരേ വേദിയില്‍ അണി നിരക്കുന്ന സംഗീത പരിപാടി “ജാംഗ്രാബ്” അടുത്ത മാസം 27 ന് സ്വപ്‌ന നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ ഹനീഫ ഫൗണ്ടേഷന്‍, ഫെഫ്ക മ്യൂസിഷ്യന്‍ യൂനിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംഗീത സംവിധായകരായ ജാസി ഗിഫ്റ്റ്, അല്‍ഫോണ്‍സ് ജോസഫ്, മെജോ ജോസഫ്, ഗോപി സുന്ദര്‍, രാഹുല്‍ രാജ്, അഫ്‌സല്‍ യൂസുഫ്, അനില്‍ ജോണ്‍സണ്‍, ബിജിപാല്‍ എന്നിവര്‍ വേദിയിലെത്തും. ചലച്ചിത്ര സംവിധായകന്‍ ഷാജൂണ്‍ കാര്യാലാണ് മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഡയറക്ടര്‍. മലയാളത്തിലെ പ്രമുഖ ഗായകരും താരങ്ങളുമെല്ലാം വേദിയിലെത്തും.
പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംഗീത സംവിധായകന്‍ ബാബുരാജ്, രഘുകുമാര്‍, ഗാനരചയിതാവ് ഗിരിഷ് പുത്തഞ്ചേരി, നടന്‍ അഗസ്റ്റിന്‍, തിരക്കഥാകൃത്ത് ടി എ ഷാഹിദ് എന്നിവരുടെ കുടുംബാംഗങ്ങളെ സഹായിക്കും. ഇവരുടെ സംഭാവനകളെക്കുറിച്ച് “കോഴിക്കോടിന്റെ ഇതിഹാസങ്ങള്‍” എന്ന സോവനീര്‍ പ്രസിദ്ധീകരിക്കും. ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഉള്ള ഹനീഫാ ഫൗണ്ടേഷന്റെ വിശ്വപൗരന്‍ അവാര്‍ഡും സമ്മാനിക്കും. പരിപാടിയുടെ ലോഗോ പ്രകാശനം സംവിധായകന്‍ വിനോദ് വിജയന്‍ നിര്‍വഹിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥാകൃത്ത് ടി എ റസാഖ്, സെവന്‍ ആര്‍ട്‌സ് മോഹന്‍, വിനോദ് വിജയന്‍, സംഗീത സംവിധായകരായ ജാസി ഗിഫ്റ്റ്, മെജോ ജോസഫ്, ഗോപി സുന്ദര്‍, രാഹുല്‍ രാജ്, അഫ്‌സല്‍ യൂസുഫ്, അനില്‍ ജോണ്‍സണ്‍, ബിജിപാല്‍ സംബന്ധിച്ചു.

 

Latest