ഡി ഇ ഡി ഇംഗ്ലീഷ് ട്വിറ്റര്‍ എക്കൗണ്ട് ആരംഭിച്ചു

Posted on: August 20, 2014 9:41 pm | Last updated: August 20, 2014 at 9:41 pm

ദുബൈ:ഡി ഇ ഡി (ദുബൈ ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ്) ഇംഗ്ലീഷില്‍ ട്വിറ്റര്‍ എക്കൗണ്ട് ആരംഭിച്ചു. ഡി ഇ ഡിയുടെ കീഴിലുള്ള കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറാണ് @dubaiconsumers എന്ന പേരില്‍ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. വകുപ്പിന്റെ സേവനങ്ങള്‍ ഇതിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ ഇടയാക്കും. ഉപഭോക്താക്കളില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ പരാതികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. അറബി ഭാഷയില്‍ പരാതി നല്‍കാന്‍ കഴിയാതെ മാറിനില്‍ക്കേണ്ടി വരുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാവും പുതിയ സംവിധാനം.
ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ അറബിയിലുള്ള ട്വിറ്റര്‍ പേജിന് ലഭിച്ച വന്‍ സ്വീകാര്യതയാണ് ഇംഗ്ലീഷ് പേജിന് തുടക്കമിടാന്‍ പ്രേരണയായതെന്ന് ഡി ഇ ഡി ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ അസീസ് ഹത്ത്ബൂര്‍ വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷയില്‍ സേനവം ലഭ്യമാവുന്നതോടെ കുടുതല്‍ ജനങ്ങളുമായി സംവദിക്കാന്‍ വകുപ്പിന് സാധിക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ കൂടുതല്‍ ആളുകളില്‍ നിന്നു നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കാന്‍ സാധിക്കും.
പല ഉല്‍പ്പന്നങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കുള്ള ആശങ്കകളും അവരുടെ അഭിപ്രായങ്ങളുമെല്ലാം വകുപ്പിന് ലഭിക്കാനും ഇത് സഹായകരമാവും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധം നിലനിര്‍ത്താനുള്ള ആഗ്രഹത്തിന്റെ ഭാഗമാണ് പുതിയ ട്വിറ്റര്‍ പേജ്. ഇത് ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാന്‍ അവസരം ഒരുക്കും. അവരുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇതിലുടെ സാധ്യമാവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ട്വിറ്റര്‍ പേജ് ആരംഭിച്ചതോടെ നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓട്ടോമൊബൈല്‍, ഇലക്‌ട്രോണിക്‌സ്, കാര്‍ റെന്റല്‍, ഫര്‍ണിച്ചര്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണിവ.
ഇതില്‍ വാറണ്ടിയുമായും കരാര്‍ വ്യവസ്ഥ പാലിക്കാത്തവയുമായി ബന്ധപ്പെട്ടവയും ഉള്‍പ്പെടും. പരാതിയുള്ള ഉപഭോക്താക്കള്‍ക്ക് 600545555 എന്ന നമ്പറിലൂടെയും consumerrights @dubaided.gov. ae എന്നിവക്കൊപ്പം സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനിലൂടെ സലാത്തി പ്രോഗ്രാമിലൂടെയും പരാതിപ്പെടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.