ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം

Posted on: August 20, 2014 6:00 am | Last updated: August 20, 2014 at 12:39 am

ഗാസ സിറ്റി/ കൈറോ: ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം പുനരാരംഭിച്ചു. സ്ഥിരം വെടിനിര്‍ത്തല്‍ കരാറിന് വേണ്ടി കൈറോയില്‍ ചര്‍ച്ച നടത്തുന്ന പ്രതിനിധികളെ ഇസ്‌റാഈല്‍ സര്‍ക്കാര്‍ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഗാസയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് മൂന്ന് റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ കുറ്റപ്പെടുത്തി. ബീര്‍ഷീവ നഗരത്തിന് സമീപമുള്ള തുറസ്സായ സ്ഥലത്താണ് റോക്കറ്റുകള്‍ പതിച്ചതെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.
ഗാസയില്‍ ആക്രമണം നടത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിടുകയായിരുന്നു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സി (ഐ ഡി എഫ്)ന് ഉത്തരവ് നല്‍കുകയായിരുന്നെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗാസ മുനമ്പിന്റെ വടക്കു ഭാഗത്ത് ഇസ്‌റാഈല്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതായി എ പിയും എ എഫ് പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗാസയിലെ ഒരു ഗ്രൂപ്പും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
പ്രാദേശിക സമയം ഇന്നലെ അര്‍ധരാത്രി വരെ 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുകൂട്ടരും സമ്മതിച്ചിരുന്നു. അതാണിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. സ്ഥിര വെടിനിര്‍ത്തലിന് കൈറോയിലെ പരോക്ഷ ചര്‍ച്ച അന്തിമ ഘട്ടത്തിലെത്തിയിരുന്നു.