വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് എസ് എഫ് ഐ

Posted on: August 20, 2014 12:19 am | Last updated: August 20, 2014 at 12:19 am

sfiകണ്ണൂര്‍: ഹൈക്കോടതി വിധിയോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ വിദ്യാഭ്യാസ കൊള്ള കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് രാജിവെക്കണമെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്ലസ് ടു അനുവദിച്ചതിലെ ക്രമക്കേടും അഴിമതിയും പൊതുജനങ്ങള്‍ക്ക് മുമ്പാകെ വ്യക്തമായിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി ഡയരക്ടറും വിദഗ്ദ സമിതിയും ശിപാര്‍ശയില്‍ പറഞ്ഞ സ്‌കൂളുകളെ തഴഞ്ഞാണ് പ്ലസ് ടു അനുവദിച്ചത്. പ്രാദേശികമായ ആവശ്യകത പരിഗണിക്കാതെ പ്ലസ് ടു കോഴ്‌സ് അനുവദിച്ചതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നത്. മെറിറ്റ് മാനദണ്ഡമാക്കിയല്ല പ്ലസ് ടു അനുവദിച്ചതെന്ന് കോടതി തന്നെ പറയുന്നു. പണമുണ്ടെങ്കിന്‍ അങ്കണ്‍വാടിക്ക് പോലും പ്ലസ് ടു കോഴ്‌സ് ലഭിക്കുമെന്നാണ് സ്ഥിതി. തെക്കന്‍ ജില്ലകളില്‍ അനുവദിച്ച 103 സ്‌കൂളുകളില്‍ മൂന്നെണ്ണം മാത്രമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍. വിദ്യാഭ്യാസമന്ത്രി പണത്തിനാണ് മുന്‍ഗണന നല്‍കുന്നത്, അറിവിനല്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വി ശിവദാസന്‍ അറിയിച്ചു. വിദ്യഭ്യാസ കച്ചവടവത്കരണത്തിനെതിരെ ഏതൊക്കെ രീതിയില്‍ സമരം നടത്താന്‍ പറ്റുമോ ആ രീതിയിലൊക്കെ സമരം നടത്താന്‍ എസ് എഫ് ഐ മുന്നോട്ട് വരും. സമരങ്ങള്‍ എസ് എഫ് ഐ ഉപേക്ഷിച്ചിട്ടില്ല ഡോ വി ശിവദാസന്‍ പറഞ്ഞു.