മുഖ്യമന്ത്രിപദ വാഗ്ദാനം പാഴാക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എം തീരുമാനം

Posted on: August 20, 2014 5:05 am | Last updated: August 20, 2014 at 12:05 am

കൊച്ചി: മുഖ്യമന്ത്രിപദ വാഗ്ദാനം ഉള്‍പ്പെടെ ഇടതുപക്ഷത്തു നിന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കൈവരുന്ന ഒരവസരവും പാഴാക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് വലിയൊരു അവസരമാണെന്നാണ് കെ എം മാണിയുടെ സാന്നിധ്യത്തില്‍ സംസാരിച്ച മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊതുവേ ഇടതുപക്ഷത്തേക്കുള്ള ഒരു ചായ്‌വ് മാണി ഗ്രൂപ്പ് പ്രകടമാക്കുന്നുവെന്ന സൂചന നല്‍കിക്കൊണ്ടാണ് ഇന്നലെ മൂന്ന് മണിക്കൂര്‍ നീണ്ട യോഗം അവസാനിച്ചത്. ഇത്തരം നീക്കങ്ങള്‍ക്കുള്ള തുടക്കമായാണ് ഇന്നലത്തെ യോഗം വിലയിരുത്തപ്പെടുന്നതെന്ന് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അഭിപ്രായപ്പെട്ടു. നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഇടത്തോട്ടുള്ള നീക്കത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അടച്ചിട്ട ബാറുകള്‍ തുറക്കരുതെന്ന പാര്‍ട്ടിയുടെ നയം യോഗം ഒന്നുകൂടി ആവര്‍ത്തിച്ചു. സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്ന നയത്തില്‍ ഉറച്ചുനില്‍ക്കണമെന്നാണ് യോഗം അഭിപ്രായപ്പെട്ടത്. സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായ മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പിലാക്കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി യോഗത്തിനു ശേഷം പറഞ്ഞു. കൂടുതല്‍ ബാറുകള്‍ അനുവദിക്കാന്‍ കേരള കോണ്‍ഗ്രസിന് ഒരിക്കലും സമ്മതിക്കാന്‍ കഴിയുകയില്ലായെന്നു മാത്രമല്ല, ഘട്ടംഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനയോഗ്യമല്ലാതെ അടച്ചുപൂട്ടിയ 418 ബാറുകളും തുറക്കേണ്ടതില്ലായെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കെ എം മാണി വ്യക്തമാക്കി. മാണിയുടെ അദ്ധ്യക്ഷത ചേര്‍ന്ന യോഗത്തില്‍ മന്ത്രി പി ജെ ജോസഫ്, ചീഫ് വിപ്പ് പി സി ജോര്‍ജ്, എം പി മാരായ ജോസ് കെ മാണി, ജോയ് എബ്രാഹം, എം എല്‍ എമാരായ സി എഫ് തോമസ്, തോമസ് ഉണ്ണിയാടന്‍, ടി യു കുരുവിള, മോന്‍സ് ജോസഫ്, എം ജയരാജ്, മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്, പി സി ജോസഫ്, ജോസഫ് എം. പുതുശ്ശേരി, തോമസ് ചാഴികാടന്‍, ഷിബു തെക്കുംപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.