കേരളോത്സവം: പഞ്ചായത്ത്- മുനിസിപ്പല്‍തല മത്സരങ്ങള്‍ സെപ്തംബറില്‍

Posted on: August 20, 2014 6:00 am | Last updated: August 19, 2014 at 11:13 pm

കാസര്‍കോട്: ജില്ലയില്‍ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിതല കേരളോത്സവം സെപ്തംബര്‍ ആദ്യവാരം സംഘടിപ്പിക്കും. പഞ്ചായത്തുകള്‍ക്ക് കേരളോത്സവം സംഘടിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമബോര്‍ഡ് വിഹിതമായ 15,000രൂപയും പ്ലാന്‍ ഫണ്ടില്‍നിന്നോ, തനത് ഫണ്ടില്‍നിന്നോ 50,000 രൂപ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
മുനിസിപ്പാലിറ്റികള്‍ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിഹിതം 30,000 രൂപയും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1,00,000 രൂപയും വിനിയോഗിക്കാം. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് വിഹിതം 30,000 രൂപയും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപയും വിനിയോഗിക്കാവുന്നതാണ്. പഞ്ചായത്ത് തലം മുതല്‍ പുതുതായി ചെസ്സ് മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിംസ് ഇനങ്ങളിലും നീന്തല്‍ മത്സരങ്ങളിലും ഒരാള്‍ക്ക് പരമാവധി നാല് ഇനങ്ങളില്‍ മാത്രമേ പങ്കെടുക്കാവൂ. ദേശീയ യുവോത്സവ ഇനങ്ങളായ 18 മത്സരഇനങ്ങള്‍ക്ക് മത്സരിക്കാനുള്ള പ്രായപരിധി 2014 ജനവരി ഒന്നിന് 35 വയസ്സ് കവിയരുത് കലാ-കായിക കാര്‍ഷിക മത്സരങ്ങള്‍ക്ക് പ്രായപരിധി 2014 ജനവരി ഒന്നിന് 40 വയസ്സ് കവിയരുത്.
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ സീനിയര്‍ ആണ്‍/പെണ്‍, പുരുഷന്‍/വനിത വിഭാഗങ്ങളില്‍ നടക്കും. 2014 ജനവരി ഒന്നിന് 15നും 20 വയസ്സിനും ഇടയിലുള്ളവര്‍ക്ക്് സീനിയര്‍ ആണ്‍/പെണ്‍ വിഭാഗത്തില്‍ മത്സരിക്കാം. 20നും 40നും ഇടയിലുള്ളവര്‍ക്ക് പുരുഷ/വനിത ഇനങ്ങളില്‍ മത്സരിക്കാം. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ഇനങ്ങളിലും കൂടാതെ റിലേയിലും പങ്കെടുക്കാം. ജില്ലയില്‍ കേരളോത്സവം സമയബന്ധിതമായി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുജാത, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനാ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ മറ്റു ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.