Connect with us

Kerala

ബാര്‍ വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനും കോണ്‍ഗ്രസിനും തലവേദനയായ ബാര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു. ഏറെ സങ്കീര്‍ണമായ ബാര്‍ വിഷയത്തില്‍ പരസ്പരം ചെളി വാരിയെറിയുന്ന തരത്തില്‍ നേതാക്കള്‍ പ്രതികരിക്കരുതെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേല്‍ ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കാണാനാകാതെ പാര്‍ട്ടിയില്‍ ചേരിതിരിവിന് വഴിവെച്ച സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കരുതെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം.
അതിനിടെ ബാറുകള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് സുധീരന്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. ബാറുകള്‍ അടച്ചിട്ടതോടെ സാമൂഹികാന്തരീക്ഷത്തില്‍ മാറ്റം വന്നുവെന്ന് സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ബാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് സുധീരന്റെതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ബാറുകള്‍ പരിശോധിച്ച് നിലവാരമുള്ളവ തുറക്കണമെന്നാണ് കോടതി പോലും നിര്‍ദേശിച്ചത്. എന്നാല്‍, സുധീരന്റെ നിലപാട് കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Latest