മനുഷ്യന്റെ ആര്‍ത്തിയാണ് സാമ്പത്തിക അധഃപതനത്തിന് കാരണം: പൊന്മള

Posted on: August 19, 2014 1:21 am | Last updated: August 19, 2014 at 1:21 am

മലപ്പുറം; ജീവിതത്തിന്റെ സുഖ സമ്പൂര്‍ണതക്ക് വേണ്ടി സമ്പത്ത് വാരിക്കൂട്ടണമെന്ന മനുഷ്യന്റെ അത്യാര്‍ത്തിയാണ് ലോകത്ത് സാമ്പത്തിക അധഃപതനത്തിന് കാരണമെന്നും ഇതിന് തടയിടാന്‍ മനുഷ്യരെ ബോധവത്കരണം നടത്താന്‍ പണ്ഡിതന്മാര്‍ ഉല്‍സാഹം കാണിക്കമെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സാമ്പത്തിക ശേഷിയുള്ളവന്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളില്‍ നിന്ന് ഷെയറായും മറ്റും കാശുകള്‍ സംഘടിപ്പിച്ച് പിന്നീട് തകര്‍ന്നടിയുന്ന നിരവധി സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇതിനെതിരില്‍ ബോധവത്കരണം അനിവാര്യമാണ്. ലോകത്തിന് മുന്നില്‍ വ്യവസ്ഥാപിതവും ചൂഷണമുക്തവുമായ സമ്പദ് വ്യവസ്ഥിതി സമര്‍പ്പിച്ച് ഇസ്‌ലാമിന്റെ തത്വസംഹിതകള്‍ ഉള്‍ക്കൊണ്ട് സാമ്പത്തിക രംഗത്തെ ചൂഷണമുക്തമാക്കാന്‍ പണ്ഡിതര്‍ രംഗത്തിറങ്ങണം. എട്ട് വര്‍ഷമായി എസ് വൈ എസിന് കീഴില്‍ കോട്ടപ്പടി സുന്നി മസ്ജിദില്‍ വെള്ളിയാഴ്ചകളില്‍ രാവിലെ 7:30 ന് നടക്കുന്ന ഫത്ഹുല്‍ മുഈന്‍ പണ്ഡിത ദര്‍സിന്റെ ഈ വര്‍ഷത്തെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടക്കല്‍ ഇസ്മാഈല്‍ ബാഖവി, ഇബ്രാഹീം ബാഖവി മേല്‍മുറി, മുഹിയിദ്ദീന്‍ ഫൈസി കൊളത്തൂര്‍, മുഹമ്മദ് അഹ്‌സനി പത്തപ്പിരിയം, അബ്ദുല്‍ റഹ്മാന്‍ സഖാഫി ഊരകം, റഫീഖ് അഹ്‌സനി ഊരകം, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി തുടങ്ങിയ നിരവധി പണ്ഡിതര്‍ സംബന്ധിച്ചു. മഅ്്ദിന്‍ ഗ്രാന്റ് മസ്ജിദ്ല്‍ മാസാന്തം നടക്കുന്ന ശറഹുല്‍ അഖാഇദ് പ്ണ്ഡിത ദര്‍സ് ഈ മാസം 22 ന് വൈകുന്നേരം 5 മണിക്ക് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആരംഭിക്കും.