Connect with us

Kerala

ബാര്‍ തര്‍ക്കം;യു ഡി എഫ് യോഗം 21ന്‌

Published

|

Last Updated

തിരുവനന്തപുരം: രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന ബാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് യോഗം ബുധാനാഴ്ച ചേരാന്‍ ധാരണ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് 21ന് യു ഡി എഫ് കക്ഷി നേതാക്കളുടെ യോഗം വിളിക്കാന്‍ ധാരണയായത്.
പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കുന്നതു സംബന്ധിച്ചു തുടക്കം മുതല്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ട് തട്ടിലാണ്. പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാട് സുധീരന്‍ സ്വീകരിക്കുമ്പോള്‍ നിലവാരമുള്ളതു തുറക്കണമെന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്.
ബാര്‍ തര്‍ക്കം പരിഹരിക്കാനും മദ്യനയത്തില്‍ തീരുമാനമെടുക്കാനുമായി രൂപവത്കരിച്ച കോണ്‍ഗ്രസ് ഉപ സമിതി യോഗത്തിലും കടുത്ത തര്‍ക്കത്തെത്തുടര്‍ന്നു ഇതു വരെ തീരുമാനമെടുക്കാന്‍ സാധിച്ചില്ല. പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപന സമിതിയില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിനാണ് ഭൂരിപക്ഷമുമള്ളതെന്ന് പറഞ്ഞ് എം എം ഹസന്‍ പുതിയ വിവാദത്തിന് തുടക്കമിട്ട പശ്ചാത്തലത്തില്‍ 21ന് ചേരുന്ന യോഗം നിര്‍ണായകമാകും.
ബാര്‍ വിഷയത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളെ വിമര്‍ശിച്ചും സുധീരന്‍ രംഗത്തെത്തി. തുടര്‍ന്നാണ് ചര്‍ച്ച യു ഡി എഫിലേക്കു മാറ്റാന്‍ ധാരണയായത്. യു ഡി എഫില്‍ ചര്‍ച്ചക്കെത്തിച്ചശേഷം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന പൊതുസമീപനമാണ് സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നത്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടാണു ഘടകകക്ഷികളില്‍ മുസ്‌ലിം ലീഗും ആര്‍ എസ് പിയും കൈക്കൊണ്ടിട്ടുള്ളത്.
നിലവാര പരിശോധന ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ 418 ബാറുകളില്‍ നിലവാരമുള്ളവയുണ്ടോയെന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നുള്ള പരിശോധന ഇന്ന് ആരംഭിക്കും. പൂട്ടിയ ബാറുകളില്‍ നേരിട്ടെത്തി പരിശോധന നടത്താന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം ലഭിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്. എത്രയും വേഗം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നിലവാരം വീണ്ടും പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരിശോധനക്കായി എക്‌സൈസ് കമ്മീഷണറും നികുതി സെക്രട്ടറിയും അടങ്ങുന്ന സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ഈ മാസം 26 നകം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.

 

---- facebook comment plugin here -----

Latest