പോലീസുകാരുടെ ആരോഗ്യ സംരക്ഷണം: ‘ഷേപ്പ്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Posted on: August 17, 2014 10:14 am | Last updated: August 17, 2014 at 10:14 am

policeമലപ്പുറം: ശാരീരികാരോഗ്യം കാത്ത് സൂക്ഷിക്കുന്നത് പോലെ തന്നെ പ്രാധാന്യമേറിയതാണ് മാനസികാരോഗ്യം സംരക്ഷിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി എസ് ശശികുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര-ആരോഗ്യ വകുപ്പുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടപ്പാക്കുന്ന സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസെസ്‌മെന്റ് ഫോര്‍ പോലീസ് പേഴ്‌സനല്‍ (ഷേപ്പ്) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം താലൂക്ക് ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംഘര്‍ഷഭരിതമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യേണ്ടിവരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കേണ്ടത് തങ്ങളുടെ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി രോഗ നിര്‍ണയ പരിശോധനകള്‍ നടത്തേണ്ടതും ആവശ്യമാണ്. അതിനാല്‍ ഷേപ്പ് പദ്ധതിയിലൂടെ ലഭ്യമാവുന്ന സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡി എം ഒ. ഡോ. കെ മുഹമ്മദ് ഇസ്മാഈല്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ മുഹമ്മദ് കുട്ടി, ജൂനിയര്‍ അഡ്മിനിസട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ഷിബുലാല്‍, മാസ് മീഡിയ ഓഫീസര്‍മാരായ ടി എം ഗോപാലന്‍, പി രാജു എന്നിവര്‍ സംസാരിച്ചു.