ഈദ് ദിനങ്ങളില്‍ എന്‍ എ സിക്ക് ലഭിച്ചത് 586 കോളുകള്‍

Posted on: August 16, 2014 6:24 pm | Last updated: August 16, 2014 at 6:25 pm

gulf 2ദുബൈ: ഈദ് ദിനങ്ങളില്‍ എന്‍ എ സി(നാഷനല്‍ ആംബുലന്‍സ് കമ്പനി)ക്ക് ലഭിച്ചത് 586 എമര്‍ജന്‍സി കോളുകള്‍. വടക്കന്‍ എമിറേറ്റുകളില്‍ നിന്നാണ് ഈ കോളുകള്‍ ലഭിച്ചത്. 362 എണ്ണം ഷാര്‍ജയില്‍ നിന്നും 103 എണ്ണം റാസല്‍ ഖൈമയില്‍ നിന്നുമാണ് ലഭിച്ചത്. അജ്മാനില്‍ നിന്നു 75ഉം ഫുജൈറയില്‍ നിന്നു 40ഉം ഉമ്മുല്‍ ഖുവൈനില്‍ നിന്നു ഏഴും കോളുകളാണ് എന്‍ എ സി സ്വീകരിച്ചത്. മൊത്തം ലഭിച്ചവയില്‍ 38 ശതമാനവും വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.
ഈദ് ദിനത്തില്‍ 95 ശതമാനം ആംബുലന്‍സുകളും ഉപയോഗിച്ചതായി എന്‍ എ സി ഡെപ്യൂട്ടി സി ഇ ഒ അഹമ്മദ് അല്‍ ഹജ്‌രി വെളിപ്പെടുത്തി. വടക്കന്‍ മേഖലയില്‍ മികച്ച സേവനം ഉറപ്പാക്കാന്‍ 24 മേഖലകള്‍ തിരഞ്ഞെടുത്തായിരുന്നു ആംബുലന്‍സുകള്‍ വിന്യസിച്ചത്. ഈദ് ദിനത്തില്‍ അതിവേഗം അപകട സ്ഥലം ഉള്‍പ്പെടെയുള്ളിടങ്ങളില്‍ എത്താന്‍ ഇടയാക്കി. അത്യാവശ്യ നമ്പറായ 999, 997 എന്നിവയിലൂടെയാണ് കോളുകള്‍ സ്വീകരിച്ചത്. ഓരോ കോളും എന്‍ എ സിയിലെ കോള്‍ സെന്റര്‍ ജീവനക്കാര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കേസുകളുടെ ഗൗരവം കണക്കിലെടുത്താണ് ആംബുലന്‍സ് അയക്കുന്നതിന് മുന്‍ഗണന നല്‍കിയത്.
അപകട വിവരം ലഭിച്ച ഉടന്‍ ആ മേഖലയിലെ പോലീസ് പട്രോളിംഗ് വിഭാഗവുമായി എന്‍ എ സിയുടെ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനത്തിലൂടെ ബന്ധപ്പെടുകയായിരുന്നു. ഇത് പ്രദേശത്തേക്ക് എത്തിപ്പെടാന്‍ എളുപ്പമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് പൊതുജനത്തിന്റെ സഹകരണം അത്യാവശ്യമാണെന്നും അപകടവും മറ്റും സംഭവിക്കുന്നിടത്ത് ആളുകള്‍ വന്‍തോതില്‍ തടിച്ചുകൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടാന്‍ ഇടയാക്കുമെന്നും ഹജ്‌രി വ്യക്തമാക്കി. ആളുകള്‍ അകന്നു നില്‍ക്കാന്‍ തയ്യാറായാലേ മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ളവക്ക് വേഗം പരുക്കേറ്റവര്‍ക്ക് അടുത്ത് എത്താനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും സാധിക്കുവെന്നും അഹമ്മദ് അല്‍ ഹജ്‌രി ഓര്‍മിപ്പിച്ചു.