കുന്നില്‍ കുടുങ്ങിയവരുടെ അവസ്ഥ ഗുരുതരമല്ല: പെന്റഗണ്‍

Posted on: August 15, 2014 6:00 am | Last updated: August 15, 2014 at 12:21 am

1407952337226_wps_2_Displaced_Iraqis_from_theബഗ്ദാദ്: വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ കുന്നിന്‍ മുകളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ അവസ്ഥ ഭയപ്പെട്ടതുപോലെ ഗുരുതരമല്ലെന്ന് തങ്ങളുടെ സൈനിക സംഘം കണ്ടെത്തിയതായി പെന്റഗണ്‍ അറിയിച്ചു. മനുഷ്യാവാകശ സഹായ സംഘാംഗങ്ങള്‍ക്കൊപ്പം യു എസ് സൈന്യത്തിലെ ഉദ്യോഗസ്ഥരും രാത്രിയില്‍ സിന്‍ജാര്‍ കുന്നില്‍ പരിശോധനക്കെത്തുകയായിരുന്നു. യസീദികളിലെ ചിലരെ കണ്ട് വിവരങ്ങള്‍ അന്വേഷിക്കുകയും പ്രതീക്ഷിച്ചത് പോലെ ഗുരുതരമല്ലെന്ന് അറിയാന്‍ സാധിച്ചതായും പെന്റഗണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ യു എസിന്റെ നേതൃത്വത്തില്‍ ഇവരെ ഒഴിപ്പിക്കല്‍ ദൗത്യം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. അതേസമയം, വടക്കന്‍ ഇറാഖിലെ സ്ഥിതി അതീവ സങ്കീര്‍ണമാണെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും യു എന്‍ അറിയിച്ചു. ഒന്നര ലക്ഷം അഭയാര്‍ഥികളുള്ള ദൊഹുക് നഗരത്തിലെ സ്ഥിതി സങ്കീര്‍ണമാണെന്ന് കുര്‍ദ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹെലികോപ്റ്ററിലൂടെയും വിമാനത്തിലൂടെയും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതും വിമതരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണവും കുര്‍ദ് പെഷ്‌മെര്‍ഗ പോരാളികളുടെ സേവനപ്രവര്‍ത്തനങ്ങളും ഏറെ പ്രയോജനകരമാണെന്ന് പെന്റഗണ്‍ വിലയിരുത്തി. കഴിഞ്ഞ രാത്രികളില്‍ പതിനായിരക്കണക്കിന് യസീദികള്‍ കുന്നില്‍ നിന്ന് രക്ഷപ്പെട്ടതായും യു എസ് സംഘം അറിയിച്ചു. 20ല്‍ താഴെയുള്ള സംഘം ബുധനാഴ്ച അതിരാവിലെയാണ് കുന്നിലേക്ക് പുറപ്പെട്ടത്. ഇവര്‍ കുര്‍ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലെത്തി. യസീദികളെ രക്ഷപ്പെടുത്താന്‍ കരയാക്രമണ സാധ്യത തള്ളിക്കളയില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.
12 ലക്ഷം പേര്‍ ഭവനരഹിതരായെന്നാണ് യു എന്‍ കണക്ക്. സിറിയ, ദക്ഷിണ സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലും യു എന്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ‘ലെവല്‍ ത്രീ എമര്‍ജന്‍സി’ ആണ് ഇറാഖില്‍ യു എന്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ ഭക്ഷണസാമഗ്രികളും ഫണ്ടുകളും ലഭിക്കും.
അതിനിടെ, രണ്ട് മാസമായി നിരവധി പ്രദേശങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലുള്ള അന്‍ബാര്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ യു എസ് സഹായം അഭ്യര്‍ഥിച്ചു. യു എസ് വ്യോമാക്രമണം ദീര്‍ഘകാലം ചെറുത്തുനില്‍ക്കാനുള്ള കരുത്ത് വിമതര്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ അഹ്മദ് ഖലാഫ് അല്‍ ദുലൈമിയുടെ വിലയിരുത്തല്‍. അതേസമയം, ബഗ്ദാദിന് വടക്ക് 122 കിലോമീറ്റര്‍ മാറി ഖറ താപ്പ നഗരത്തില്‍ വിമതര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ പെഷ്‌മെര്‍ഗ പോരാളികളുമായി രൂക്ഷ ഏറ്റുമുട്ടലാണ് നടക്കുന്നത്.