സ്വാതന്ത്ര്യം വരും തലമുറക്കായി കരുതിവെക്കുക – എസ് എസ് എഫ്

Posted on: August 15, 2014 12:14 am | Last updated: August 15, 2014 at 12:14 am

ssf flagകോഴിക്കോട്: പൊരുതിനേടിയ സ്വാതന്ത്ര്യം കൈമോശം വരാതെ വരും തലമുറക്കു വേണ്ടി കരുതിവെക്കുകയെന്ന ധര്‍മമാണ് ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിന് പുതിയ കാലത്ത് നിര്‍വ്വഹിക്കാനുള്ളതെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫിയും ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാമും സ്വതന്ത്ര്യദിന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ബഹുസ്വരതയെ ജനാധിപത്യ മുന്നേറ്റത്തിന്റെ രാസത്വരകമായി മാറ്റിയാണ് രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ അറുപത്തേഴാണ്ടുകള്‍ പിന്നിട്ടത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ അളവില്‍ നീതിയും ഭയരഹിതമായ ജീവിതവും ഉറപ്പാക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം സാര്‍ഥകമാവുന്നത്.
പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള പദ്ധതികളും പരിശ്രമങ്ങളും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് രാജ്യത്തെ ദളിത് ജീവിതങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. അവസരങ്ങളിലും അവകാശങ്ങളിലുമുള്ള സമത്വം ഉറപ്പുവരുത്തിക്കൊണ്ടുമാത്രമേ സൃഷ്ടിപരമായ ഉണര്‍വുകളിലേക്ക് അവശസമൂഹങ്ങളെ കൊണ്ടുവരാന്‍ കഴിയുകയുള്ളു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യം പരിതാപകരമായി തുടരുന്നത് രാജ്യത്തിന്റെ മുന്നേറ്റങ്ങള്‍ക്കുമേല്‍ നിഴല്‍ പടര്‍ത്തുന്നുണ്ട്. ഇത് പരിഹരിക്കാനുതകുന്ന ഫലപ്രദമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എസ് എസ് എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.