‘’നില്‍പ്പ്’ സമരവും കേരളീയ സമൂഹവും

Posted on: August 15, 2014 5:04 am | Last updated: August 15, 2014 at 12:05 am

AADIVAASI SAMARAM...TVMആദിവാസികള്‍ എന്നും വഞ്ചിക്കപ്പെട്ടവരാണ്. അവഗണിച്ചും അവകാശങ്ങള്‍ നിഷേധിച്ചുമാണ് മുമ്പ് ദ്രോഹിച്ചിരുന്നതെങ്കില്‍, മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് പുതിയ വഞ്ചന. ഇടതും വലതും ഇക്കാര്യത്തില്‍ സമന്മാരാണ്. അത്തരമൊരു കൊടും ചതിക്കെതിരെ കേരളത്തിലെ ആദിവാസികള്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ ‘നില്‍പ്പ് സമരം’ ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു. പുതിയ കാര്യങ്ങളൊന്നും ഈ ‘നില്‍പ്പില്‍’ അവര്‍ ആവശ്യപ്പെടുന്നില്ല. 2001 സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി 48 ദിവസം സെക്രട്ടേറിയറ്റിനു മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തിയപ്പോള്‍, സമരം അവസാനിപ്പിക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാണ് ആവശ്യം. ഇത് വാക്കാലുള്ള ഉറപ്പുകളായിരുന്നില്ല. ഇരു പക്ഷത്തുമുള്ളവര്‍ ഒപ്പിട്ട് കൈമാറിയ ഉറപ്പുകളായിരുന്നു. സമരത്തോട് ഐക്യദാര്‍ഢ്യപ്പെട്ട കേരളത്തിലെ പൗര സമൂഹത്തിനു നല്‍കിയ ഉറപ്പും വാഗ്ദാനവുമായിരുന്നു.
ആദിവാസി ദളിത് പക്ഷത്ത് നിന്ന് സമരസമിതിയെ പ്രതിനിധാനം ചെയ്ത് ചെയര്‍പേഴ്‌സന്‍ സി കെ ജാനു, എം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട്, ആര്‍ പ്രസാദ്, സി ആര്‍ ബി ജോയി, എം കെ നാരായണന്‍ പൂച്ചപ്ര എന്നിവരും സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി, റവന്യൂ മന്ത്രി കെ എം മാണി, ധന മന്ത്രി കെ ശങ്കരനാരായണന്‍, കൃഷി മന്ത്രി കെ ആര്‍ ഗൗരിയമ്മ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പട്ടികജാതി വര്‍ഗ മന്ത്രി എം എ കുട്ടപ്പന്‍, ഗ്രാമ വികസന മന്ത്രി സി എഫ് തോമസ്, ചീഫ് സെക്രട്ടറി വി കൃഷ്ണമൂര്‍ത്തി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ ശിവാനന്ദന്‍, അഗ്രികള്‍ച്ചറല്‍ പൊഡക്ഷന്‍ കമ്മീഷനര്‍ പാലാട്ട് മോഹന്‍ദാസ്, ധന സെക്രട്ടറി വി എസ് സെന്തില്‍, റവന്യൂ സെക്രട്ടറി സാജന്‍ പീറ്റര്‍, പ്ലാനിംഗ് സെക്രട്ടറി എസ് എം വിജയാനന്ദ്, ലോ സെക്രട്ടറി രാംകുമാര്‍, വനം സെക്രട്ടറി ഇ കെ ഭരത് ഭൂഷന്‍, എസ് സി എസ് ഡി സെക്രട്ടറി എല്‍ നടരാജന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി എസ് വര്‍ഗീസ്, എസ് ടി ഡവലപ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ എസ് സുകുമാരന്‍, ടൂറിസം ഡയറക്ടര്‍ അല്‍മേഷ് കുമാര്‍ ശര്‍മ എന്നിവരുമാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ ഒപ്പ് വെച്ചവര്‍. ഒപ്പ് വെച്ചവരുടെ മുഴുവന്‍ പേര് വിവരങ്ങളും മുകളില്‍ ഉദ്ധരിച്ചത്, ആദിവാസികള്‍ക്ക് ഉറപ്പുകള്‍ നല്‍കി വഞ്ചിച്ചവരെ അറിയുന്നതിന് വേണ്ടി മാത്രമല്ല, അവരില്‍ പലരുടെയും ഉറപ്പുകള്‍ തന്നെയാണ് ആദിവാസികള്‍ക്ക് വീണ്ടും കിട്ടാന്‍ പോകുന്നതെന്ന് തിരിച്ചറിയുന്നതിനു വേണ്ടി കൂടിയാണ്. വാഗ്ദാനങ്ങളും ഉറപ്പുകളും നല്‍കി വഞ്ചിക്കുക എന്നത് മാന്യന്മാരുടെ സ്വഭാവമല്ല എന്ന് പറയാറുണ്ട്. ആദിവാസികളുടെ കാര്യത്തില്‍ പലരും അമാന്യന്മാരായി മാറിയിരിക്കുന്നു എന്നതാണ് ഖേദകരം. ഇത്തവണ ഉറപ്പില്‍ ഒപ്പ് വെക്കാന്‍ ആദിവാസി സമുദായത്തില്‍ പിറന്ന ഒരു മന്ത്രി കൂടിയുണ്ടാകും എന്ന വ്യത്യാസമുണ്ട്.
ആദര്‍ശനിഷ്ഠയില്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ എ കെ ആന്റണി ഒരു പടി മുമ്പിലാണെന്നാണല്ലോ വെപ്പ്. അഴിമതിയുടെ കറ പുരളാത്ത വ്യക്തി എന്ന സര്‍ട്ടിഫിക്കറ്റുമുണ്ട്. ഇപ്പറഞ്ഞതൊക്കെയും ആദിവാസികളും മുമ്പ് വിശ്വസിച്ചതുകൊണ്ടാണ് അവര്‍ കരാറില്‍ ഒപ്പ് വെച്ചത്. തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തയാള്‍ക്ക് എന്ത് ആദര്‍ശബോധമാണ് ഉള്ളത് എന്നാണ് ‘നില്‍പ്പ് സമരം’ നടത്തുന്ന ആദിവാസികള്‍ ചോദിക്കുന്നത്. അന്നത്തെ ഉറപ്പുകള്‍ പരിശോധിക്കപ്പെടേണ്ടതാണ്. എട്ട് കാര്യങ്ങളാണ് ആദിവാസി സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി എ കെ ആന്റണി 2001 ഒക്‌ടോബര്‍ 16-ാം തീയതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചത്.
ഒന്ന്- ആദിവാസി നേതാക്കള്‍ മുന്നോട്ട് വെച്ച ഓരോ കുടുംബത്തിനും അഞ്ചേക്കറില്‍ കുറയാത്ത ഭൂമി ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ച്; ഇത് സാധ്യമാക്കുന്ന സുഗന്ധഗിരി, പൂക്കോട് തുടങ്ങിയ പദ്ധതി പ്രദേശങ്ങളില്‍ അധിവസിക്കുന്ന പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കാന്‍ തീരുമാനിച്ചു. മറ്റു സ്ഥലങ്ങളില്‍ ഭൂരഹിതരോ ഒരേക്കറില്‍ കുറഞ്ഞ ഭൂമി ഉള്ള ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കറില്‍ കുറയാതെയും കൂടുതല്‍ കൃഷി ഭൂമി ലഭ്യമായ സ്ഥലങ്ങളില്‍ അഞ്ചേക്കര്‍ വരെയും വിതരണം ചെയ്യുന്നതാണ്. ഭൂ വിതരണം 2002 ജനുവരി ഒന്നിന് ആരംഭിക്കും. രണ്ട്- ഇപ്രകാരം നല്‍കുന്ന ഭൂമിയില്‍ നിന്ന് ജീവിക്കാനാവശ്യമായ വരുമാനമുണ്ടാക്കാന്‍ കാലതാമസമുണ്ടാകും എന്നുള്ളതുകൊണ്ട് ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥിരമായ വരുമാനമുണ്ടാകുന്നതിന് സഹായകരമായ തൊഴില്‍ സൗകര്യങ്ങളും മറ്റു സംരംഭങ്ങളും അഞ്ച് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തുന്നതാണ്. മൂന്ന്- 1999ലെ കേരള സംസ്ഥാന പട്ടിക വര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണം- അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കല്‍ നടപ്പാക്കുന്നത് സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചായിരിക്കും. നാല്- ആദിവാസികളുടെ കൈവശം ഇപ്പോഴുള്ള ഭൂപ്രദേശങ്ങളും പുതുതായി പതിച്ചുകൊടുക്കുന്നവയും , ഷെഡ്യൂള്‍ഡ് ഏരിയയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതാണ്. ഈ പ്രദേശങ്ങളില്‍ അധിവസിക്കന്ന ആദിവാസികളുടെ ഭൂമിയും സംസ്‌കാരവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും. അഞ്ച്- ആദിവാസികളുടെ സര്‍വതോന്മുഖമായ വികസനത്തിനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതും ഒരു വിഷന്‍ മാതൃകയില്‍ സയമയബന്ധിതമായി പത്താം പഞ്ചവത്സര പദ്ധതിയുടെ തുടക്കം മുതല്‍ നടപ്പാക്കുന്നതുമാണ്. ആറ്- ആദിവാസികളുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ്. ഏഴ്- വയനാട് ജില്ലയില്‍ ഭൂരഹിതരായ ആദിവാസി കുടുംബങ്ങളുടെ ആധിക്യം പരിഗണിച്ച് അവര്‍ക്ക് നല്‍കുന്നതിനാവശ്യമായ ഭൂമി പ്രത്യേകിച്ച് നിക്ഷിപ്ത വനഭൂമി പരമാവധി കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ കണ്ടുപിടിച്ച് സമയബന്ധിതമായി വിതരണം ചെയ്ത് അധിവസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുന്നതാണ്. എട്ട്- ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ആദിവാസി സമരം ഉടന്‍ പിന്‍വലിക്കുന്നതാണ്.
ഈ ഉറപ്പുകള്‍ നല്‍കിയിട്ട് വര്‍ഷം 13 കഴിഞ്ഞു. മൂന്ന് മാസം കൊണ്ട് ഭൂമി വിതരണം നടത്തുമെന്നാണ് ‘ഉറപ്പില്‍’ പറയുന്നത്. ആന്റണിയുടെ ഭരണത്തിന് ശേഷം അഞ്ച് വര്‍ഷം അച്യുതാനന്ദന്‍ ഭരിച്ചു. വീണ്ടും യു ഡി എഫ് അധികാരത്തില്‍ വന്നു. ഇതിനിടയില്‍ ഉറപ്പില്‍ പറഞ്ഞ സുപ്രധാന കാര്യങ്ങളൊന്നും നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂയില്‍ വെറ്ററിനറി സര്‍വകലാശാല ഉയരുകയും ചെയ്തു. നാമമാത്രമായി പതിച്ചുനല്‍കിയ ഭൂമികള്‍ പലതും അന്യാധീനപ്പെട്ടു കഴിഞ്ഞു.
വനഭൂമി കണ്ടെത്തി ആദിവാസികള്‍ക്ക് നല്‍കേണ്ടതില്ല എന്ന സര്‍ക്കാര്‍ നയത്തോട് പ്രതിഷേധമായിട്ടാണ് മുത്തങ്ങയില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരമാരംഭിച്ചത്. മുത്തങ്ങാ സമരത്തെ അടിച്ചമര്‍ത്തിയതോടെ വാഗ്ദാനങ്ങളും ഉറപ്പുകളും സര്‍ക്കാര്‍ മറക്കുകയായിരുന്നു. ഇപ്പോഴാകട്ടെ, ആദിവാസി പുനരധിവാസ മിഷനടക്കമുള്ള ആദിവാസി ക്ഷേമ വകുപ്പുകളെല്ലാം ഏറെക്കുറെ നിഷ്‌ക്രിയമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അട്ടപ്പാടിയില്‍ മാത്രം അനാരോഗ്യവും പട്ടിണിയും കാരണം ഏഴുപതോളം കുട്ടികളാണ് മരിച്ചത്.
ആദിവാസി സമുദായത്തില്‍ നിന്നുള്ള പി കെ ജയലക്ഷ്മിയെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, കേരളത്തിലെ ആദിവാസികളോടൊപ്പം പൗരസമൂഹവും ഒട്ടേറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ മൂന്നര വര്‍ഷത്തെ ജയലക്ഷ്മിയുടെ പ്രകടനം ഒട്ടും തൃപ്തികരമല്ലെന്നു മാത്രമല്ല, അവരുടെ കൂടി പങ്കാളിത്തത്തില്‍ ആദിവാസിവിരുദ്ധ നയങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് വയനാട്ടിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിന് വേണ്ടി വകയിരുത്തിയ 50 കോടി രൂപ ജയലക്ഷ്മി കൂടി ഉള്‍പ്പെട്ട സര്‍ക്കാര്‍ റദ്ദാക്കിയിരിക്കയാണ്.
ആദിവാസികള്‍ക്കു വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍, ജയലക്ഷ്മി അടക്കമുള്ളവര്‍ ആദിവാസികള്‍ക്ക് വേണ്ടി വകയിരുത്തിയ കണക്കുകള്‍ നിരത്തും. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവയൊന്നും ആദിവാസികളുടെ കൈകളിലെത്തുകയോ അവരുടെ ജീവിതത്തെ മാറ്റുകയോ ചെയ്യുന്നില്ലെന്നു കാണാം. മുമ്പൊരിക്കില്‍ സി കെ ജാനു പറഞ്ഞതുപോലെ, ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാറുകള്‍ ചെലവഴിച്ചുവെന്ന് പറയുന്ന വന്‍ കോടികള്‍, ആദിവാസികള്‍ക്ക് പണമായി നല്‍കിയിരുന്നെങ്കില്‍ അവരിന്ന് കോടീശ്വരന്മാരാകുമായിരുന്നു. കുറേ ഫണ്ട് ചെലവഴിക്കല്‍ മാത്രമല്ല, പ്രധാനം. മറിച്ച് സര്‍ക്കാറുകള്‍ക്ക് കൃത്യമായ ആദിവാസി നയം ഉണ്ടാകലാണ്. ആദിവാസികളെ നേരിട്ടു പരിചയമില്ലാത്തവര്‍ നിര്‍മിക്കുന്ന വികസന പദ്ധതകിളാണ് അവരുടെ മേല്‍ പലപ്പോഴും അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ, അവ അമ്പേ പരാജയപ്പെട്ടുപോകുകയാണ് പതിവ്. നമ്മേക്കാള്‍ പിന്നാക്കം നില്‍ക്കുന്ന പല സംസ്ഥാനങ്ങളും ആദിവാസി വികസനത്തിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ്. ആദിവാസി സ്വയംഭരണ പ്രദേശങ്ങള്‍ അനുവദിച്ച പല സംസ്ഥാനങ്ങളിലും അവരുടെ ജീവിതം കേരളത്തിലെ ആദിവാസികളേക്കാള്‍ പതിന്മടങ്ങ് മെച്ചമാണ്.
സെക്രട്ടേറിയറ്റിന് മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തിയ കാലത്തും മുത്തങ്ങാ സമര കാലത്തും കേരളീയ സമൂഹം ആദിവാസികളോടൊപ്പം നില്‍ക്കുകയും സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയുമുണ്ടായി. എന്നാല്‍ നാല്‍പ്പത് ദിവസം പിന്നിട്ട സമാധാനപരമായ ‘നില്‍പ്പ് സമര’ത്തിന് ഇപ്പോഴും വേണ്ടത്ര മാധ്യമ ശ്രദ്ധയോ പിന്തുണയോ ഉണ്ടായിക്കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും ഇത് അക്ഷന്തവ്യമായ തെറ്റാണ്. വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ആദിവാസികളുടെ ഉന്നമനവും നിലനില്‍പ്പും ഉറപ്പ് വരുത്തേണ്ടത് പൊതുസമൂഹത്തന്റെ കടമയാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സര്‍ക്കാറുകളുടെ സ്വത്വര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ പല ആദിവാസി വിഭാഗങ്ങളും ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷമാകാന്‍ പോകുകയാണ്. പല വിഭാഗങ്ങളുടെയും അംഗസംഖ്യ അംഗുലീപരിമിതമാണ്. കൊണ്ടകപൂസ്, കൊച്ചുവേലന്‍, കമ്മാറ, അരണ്ടന്‍, മഹാമലസര്‍, മലസര്‍, മലക്കുറവന്‍, പള്ളിയാര്‍ എന്നീ വിഭാഗങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇല്ലാതാകും. കൊണ്ടകപൂസില്‍ ഇനി ബാക്കിയുള്ളത് അഞ്ച് പേര്‍ മാത്രമാണ്. പത്തനംതിട്ട ജില്ലയിലെ കൊച്ചുവേലന്‍ സമുദായത്തില്‍ മുപ്പത്തിയാറ് പേരാണുള്ളത്. തമിഴ് അതിര്‍ത്തിയോട് ചേര്‍ന്ന വനപ്രദേശങ്ങളില്‍ വസിക്കുന്ന കൊട വിഭാഗത്തിലും മുപ്പത്തിയാറ് പേരാണ് ബാക്കിയുള്ളത്. പാലക്കാട് ജില്ലയിലെ മഹാമലസര്‍ വിഭാഗത്തില്‍ 38 പേരാണ് അവശേഷിക്കുന്നത്. ആദിവാസി ജനസംഖ്യ ആനുപാതികമായി ഒരു ജില്ലയിലും വര്‍ധിക്കുന്നില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘നില്‍പ്പ്’ സമരത്തിലെ ഒരു പ്രധാന ആവശ്യം വംശനാശത്തില്‍ നിന്ന് ആദിവാസികളെ സംരക്ഷിക്കുക എന്നതാണ്. ഇത് യു എന്‍ നിര്‍ദേശങ്ങളില്‍ പെട്ട കാര്യമാണ്.
ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളോടൊപ്പം, മാവോവാദി വേട്ടയുടെ മറവില്‍ ആദിവാസികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഗോത്രമഹാ സഭ ആവശ്യപ്പെടുന്നുണ്ട്.ഇക്കാര്യം മാവോവാദി വേട്ടാ നാടകം ആരംഭിച്ച കാലം മുതല്‍ സാംസ്‌കാരിക നായകരും മറ്റും ഉന്നയിക്കുന്ന വിഷയമാണ്. 2001ലെ കുടില്‍ കെട്ടി സമരം അവസാനിപ്പിച്ചതുപോലെ, പൊളി വാഗ്ദാനങ്ങള്‍ നല്‍കി ‘നില്‍പ്പ്’ സമരവും അവസാനിപ്പിച്ചേക്കാം. ആദിവാസിയായ ജയലക്ഷ്മിയെ മുന്നില്‍ നിര്‍ത്തി അതിനുള്ള തിരക്കഥ അണിയറയില്‍ തയ്യാറായതായാണ് ഒടുവിലെ വിവരം.