Connect with us

Wayanad

കാലവര്‍ഷക്കെടുതി: ദുരിതാശ്വാസ മേഖലകളില്‍ വിദഗ്ധ സമിതി സന്ദര്‍ശനം നടത്തി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ കാലവര്‍ഷക്കെടുതിമൂലമുണ്ടായ നഷ്ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് ലഭ്യമാവുന്നില്ലെന്നും അനര്‍ഹരായവര്‍ ഇതിന്റെ പ്രയോജനം നേടുന്നുവെന്നുമുള്ള പരാതികളുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്.
വൈത്തിരി താലൂക്കിലെ കോട്ടത്തറ, തരിയോട്, മാനന്തവാടി താലൂക്കിലെ പയ്യമ്പള്ളി, ബത്തേരി താലൂക്കിലെ നടവയല്‍, നൂല്‍പ്പുഴ എന്നീ സ്ഥലങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. കോട്ടത്തറ വില്ലേജിലെ വൈശ്യന്‍ കോളനി മൂന്ന് ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടതിനാല്‍ മഴക്കാലത്ത് ഇവിടെയുള്ള 72 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടുകയും ജീവിതം ദുസ്സഹമാവുകയും ചെയ്യുന്നതിനാല്‍ ഇവരെ മാറ്റിതാമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെടും.
സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കായി അനുവദിക്കുന്ന സഹായ വിതരണങ്ങളുടെ അവലോകനം, സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ദുരിതബാധിതര്‍ക്കായി നല്‍കുന്ന സേവനങ്ങളുടെ ഏകോപനം , താല്‍ക്കാലിക ക്യാമ്പുകളിലെ സ്ഥിതി എന്നിവ സമിതി പരിശോധിച്ചു. കൂടാതെ ദുരിതബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സംവിധാനങ്ങളുടെ അവലോകനം, തകര്‍ന്ന വീടുകളുടെയും മറ്റും പുനരുദ്ധാരണം എന്നിവയും അവലോകനം ചെയ്തു. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും ദുരിതബാധിതര്‍ക്കും യഥാസമയം സഹായത്തിനും പുനരധിവാസത്തിനും അപേക്ഷ നല്‍കാത്തവര്‍ക്കും ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നിയമസഹായം നല്‍കുമെന്നും ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജ് കെ. ഭാസ്‌ക്കരന്‍ അറിയിച്ചു. സമിതിയുടെ കണ്ടെത്തലുകള്‍ തുടര്‍നടപടികള്‍ക്കായി കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കൈമാറുമെന്നും ജഡ്ജ് അറിയിച്ചു.