അനുമതിയില്ലാത്ത ചികിത്സാ സാമഗ്രികളും സൗന്ദര്യവര്‍ധക വസ്തുക്കളും കണ്ടെത്തി

Posted on: August 13, 2014 7:43 pm | Last updated: August 13, 2014 at 7:44 pm
Untitled-1 copy
അബുദാബി നഗരസഭാധികൃതര്‍ പരിശോധന നടത്തുന്നു

അബുദാബി: അനുമതിയില്ലാത്ത നിരവധി ചികിത്സാ സാമഗ്രികളും അപകടകാരികളായ സൗന്ദര്യവര്‍ധക വസ്തുക്കളും കളിപ്പാട്ടങ്ങളും പിടികൂടിയതായി അബുദാബി നഗരസഭാ പൊതുജനാരോഗ്യ വിഭാഗം മേധാവി ഖലീഫ മുഹമ്മദ് അല്‍ റുമൈത്തി അറിയിച്ചു.

ഈദ് അവധി ദിനങ്ങള്‍ക്ക് മുന്നോടിയായാണ് പരിശോധന തുടങ്ങിയത്. ബ്യൂട്ടി പാര്‍ലറുകള്‍, റമസാന്‍ ഈദ് പ്രദര്‍ശനങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. മൈലാഞ്ചി രൂപകല്‍പനകള്‍ക്കും മറ്റുമായി ധാരാളം പേര്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്ന സമയത്ത് പരിശോധന ആവശ്യമായിരുന്നു. രാസപദാര്‍ഥങ്ങള്‍ അടങ്ങിയ കറുത്ത മൈലാഞ്ചി ഉപയോഗിക്കരുതെന്നും ബോധവത്കരണം നടത്തിയിരുന്നു. നാലു ദിവസം പരിശോധന നീണ്ടു. അനുമതിയില്ലാത്ത മൂന്ന് ചികിത്സാ സാമഗ്രികളാണ് കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ മുടി കറുപ്പിക്കല്‍ പദാര്‍ഥങ്ങള്‍ കണ്ടെത്തി. ഇതൊക്കെ ശരീരത്തിന് ഹാനികരമാണ്.
ആരോഗ്യമന്ത്രാലയം നിരോധിച്ച ഉത്പന്നങ്ങളും പിടികൂടി. അതേസമയം, നിരോധിത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ബ്യൂട്ടി പാര്‍ലറുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടെന്ന് വ്യക്തമായി. ബോധവത്കരണം ശക്തമാക്കിയതിനാലാവുമിത്.
144 ബ്യൂട്ടി പാര്‍ലറുകളിലാണ് പരിശോധന നടത്തിയത്. രണ്ട് പാര്‍ലറുകള്‍ക്ക് മുന്നറിയിപ്പുനല്‍കിയെന്നും റുമൈത്തി അറിയിച്ചു.