കട്ടിലില്‍ നിന്നു വീണ കുഞ്ഞിന്റെ കാഴ്ച നഷ്ടമായി

Posted on: August 12, 2014 6:39 pm | Last updated: August 12, 2014 at 6:39 pm

babyദുബൈ: കട്ടിലില്‍ നിന്നു താഴെ വീണ 10 മാസം പ്രായമായ കുഞ്ഞിന്റെ കാഴ്ച നഷ്ടമായി. മാറിയ എന്ന സ്വദേശി കുഞ്ഞിനാണ് കാഴ്ച നഷ്ടമായത്. കുട്ടിയെ വിദേശത്ത് എവിടെയെങ്കിലും കൊണ്ടുപോയി ചികിത്സിക്കാന്‍ മാതാവ് ഡോക്ടര്‍മാരുടെ അനുമതി തേടിയെങ്കിലും ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്ന നിലപാടിലാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍.
ദുബൈയിലെ വീട്ടില്‍ സഹോദരിക്ക് ഒപ്പം കിടന്നുറങ്ങവേയായിരുന്നു റമസാന്‍ മധ്യത്തില്‍ അപകടം സംഭവിച്ചത്. മാതാവ് കുളിമുറിയിലേക്ക് പോയ ഉടനെയായിരുന്നു കുഞ്ഞ് ഉറക്കത്തില്‍ താഴെ വീണത്. വീഴ്ചയില്‍ കുട്ടിയുടെ തലക്കും തലച്ചോറിനുമേറ്റ പരുക്കാണ് കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അമിതമായി സംഭവിച്ച രക്തസ്രാവവും കാഴ്ചക്ക് മങ്ങലേല്‍ക്കുന്നതിന് കാരണമായി.
അപകടം സംഭവിച്ച ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടയില്‍ മൂന്നു ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തുവെങ്കിലും നഷ്ടപ്പെട്ട കാഴ്ച ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. റാശിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ജര്‍മനിയില്‍ കൊണ്ടുപോകാന്‍ അനുമതി ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന മറുപടിയാണ് ഡോക്ടര്‍മാരില്‍ നിന്നു ലഭിച്ചതെന്ന് മാതാവ് വെളിപ്പെടുത്തി.
മാറിയയുടെ ആരോഗ്യ സ്ഥിതി ഭേദമാണെന്നും ഡോക്ടര്‍മാര്‍ കഴിവിന്റെ പരമാവധി കുഞ്ഞിന്റെ കാഴ്ച തിരിച്ചുകിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.