Connect with us

Palakkad

പട്ടാമ്പിയില്‍ സമ്പൂര്‍ണ കുടിവെളള പദ്ധതി നടപ്പിലാക്കും: സി പി മുഹമ്മദ് എം എല്‍ എ

Published

|

Last Updated

പാലക്കാട്: സമ്പൂര്‍ണ്ണ കുടിവെളള പദ്ധതി നടപ്പിലാക്കിയ മണ്ഡലമാക്കി പട്ടാമ്പിയെ മാറ്റിയെടുക്കാന്‍ എല്ലാവരുടേയും സഹകരണം വേണമെന്ന് സി പി മുഹമ്മദ് എം എല്‍ എ അഭ്യര്‍ഥിച്ചു.
പട്ടാമ്പി നിയോജകമണ്ഡലത്തിലെ സമഗ്ര വികസന ശില്‍പ്പശാല തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളില്‍ ആറെണ്ണവും നദീതീരത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും കുടിവെളള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.  പഞ്ചായത്തുകള്‍ ചെറിയ തോതില്‍ തുടങ്ങിയ പല കുടിവെളള പദ്ധതികളും അകാലത്തില്‍ ചരമമടഞ്ഞിട്ടുണ്ട്.  ആധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റോടു കൂടിയ വലിയ കുടിവെളള പദ്ധതിയാണ് ലക്ഷ്യം.  ദീര്‍ഘ വീക്ഷണത്തോടെയുളള വികസന പദ്ധതികളാണ് വേണ്ടതെന്ന് എം എല്‍ എ  പറഞ്ഞു.
കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അധ്യക്ഷത വഹിച്ചു. കില അസോസിയേറ്റഡ് പ്രൊഫ. ഡോ. പീറ്റര്‍, എം രാജ് ആമുഖപ്രഭാഷണം നടത്തി.
പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്ക്, കില അസി. ഡയറക്ടര്‍ കെ എം സലീം എന്നിവര്‍ സംസാരിച്ചു.  കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, പട്ടാമ്പി, തിരുവേഗപ്പുറ, വിളയൂര്‍, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിലേയും, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തുകളിലേയും പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്ന 97 പേര്‍ ശില്പശലയില്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തിനുശേഷം കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വിദ്യാഭ്യാസം, യുവജനക്ഷേമം, പശ്ചാത്തല വികസനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ചര്‍ച്ചകളും തുടര്‍ന്ന് പൊതുചര്‍ച്ചയുമുണ്ടായി.  പൊതുചര്‍ച്ചകള്‍ക്ക് എം എല്‍ എ. മറുപടി പറഞ്ഞു.

Latest