കാലവര്‍ഷം: 133 കോടിയുടെ നഷ്ടം

Posted on: August 12, 2014 12:13 am | Last updated: August 12, 2014 at 12:13 am

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടം 133 കോടി രൂപ കവിഞ്ഞു. ഇതുവരെ തൊണ്ണൂറ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലവര്‍ഷത്തില്‍ 219 വീടുകള്‍ പൂര്‍ണമായും 4,349 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 14,041.28 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശവുമുണ്ടായിട്ടുണ്ട്. പൊതുനിരത്തുകള്‍ തകര്‍ന്നും വൈദ്യുതി ബന്ധം തകരാറിലായും മറ്റും 21.74 കോടിയുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആലപ്പുഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ആലപ്പുഴയില്‍ 333ഉം തൃശൂരില്‍ പതിനാലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലനില്‍ക്കുന്നതും വടക്കേ ഇന്ത്യയില്‍ ന്യൂനമര്‍ദം ശക്തമായതുമാണ് മഴ തുടരാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പൊതുവെ കുറവായിരുന്ന തെക്കന്‍ കേരളത്തിലും ഇന്നലെ മഴ ശക്തമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വിവിധ റോഡുകള്‍ വെള്ളത്തിനടിയിലായതോടെ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.