റെയില്‍വേയില്‍ ബലി പെരുന്നാള്‍ അവധിയും ഒഴിവാക്കാന്‍ നീക്കം

Posted on: August 11, 2014 6:49 am | Last updated: August 12, 2014 at 12:03 am

railway coachതിരുവനന്തപുരം: ചെറിയ പെരുന്നാളിന് പിന്നാലെ ബലി പെരുന്നാളിനും റെയില്‍വേയില്‍ അവധി ഒഴിവാക്കാന്‍ നീക്കം. ദേശീയ കലന്‍ഡറില്‍ പൊതു അവധിയായി പ്രഖ്യാപിച്ചിട്ടും ബലി പെരുന്നാളിനെ ഒഴിവാക്കി അംബേദ്കര്‍ ജയന്തിക്കുള്‍പ്പെടെ അവധി നല്‍കിയാണ് വിവേചനം. മുസ്‌ലിം ജീവനക്കാര്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയില്‍ പെരുന്നാളിന്റെ അവധി ഒഴിവാക്കാന്‍ ശ്രമം നടക്കുന്നത്.

റെയില്‍വേയിലെ സാങ്കേതിക വിഭാഗം ജീവനക്കാരായ ഓപണ്‍ ലൈന്‍ സ്റ്റാഫിനാണ് ചെറിയ പെരുന്നാളിനും ബലി പെരുന്നാളിനും അവധിയില്ലാത്തത്. കേന്ദ്ര സര്‍ക്കാറിന്റെ പൊതു അവധി കലന്‍ഡറില്‍ ചെറിയ പെരുന്നാളിന് ജൂലൈ 29നും ബലി പെരുന്നാളിന് ഒക്‌ടോബര്‍ ആറിനും അവധിയാണ്. എന്നാല്‍, മാസപ്പിറവി കണ്ടതിന്റെ തലേദിവസമായ ജൂലൈ 28നായിരുന്നു റെയില്‍വേയില്‍ ചെറിയ പെരുന്നാള്‍ അവധി. അടുത്ത ദിവസത്തെ പെരുന്നാള്‍ ദിനത്തില്‍ മുസ്‌ലിം ജീവനക്കാര്‍ ജോലിക്ക് വരേണ്ടിവന്നു. അതേസമയം, ഒക്‌ടോബറിലെ ബലി പെരുന്നാളിന് ഒരു ദിവസം പോലും അവധി നല്‍കാന്‍ റെയില്‍വേ തയാറായിട്ടുമില്ല. ഓപണ്‍ ലൈന്‍ ജീവനക്കാര്‍ക്ക് റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവും ഗാന്ധി ജയന്തിയും അടക്കമുള്ള മൂന്ന് ദേശീയ പൊതു അവധിക്ക് പുറമെ ഒമ്പത് അവധി കൂടിയാണ് അനുവദിച്ചത്. ഇതില്‍ നിന്നാണ് ബലി പെരുന്നാളിനെ ഒഴിവാക്കിയത്.
പൊതു അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിവിഷനിലെ അംഗീകൃത യൂനിയന്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് ഡിവിഷനല്‍ പേഴ്‌സനല്‍ ഓഫീസര്‍ (ഡി പി ഒ) ആര്‍ കണ്ണന്‍ വിവരാവകാശ നിയമപ്രകാരം അറിയിച്ചു. ഡിവിഷനിലെ ഏക അംഗീകൃത യൂനിയനായ എസ് ആര്‍ എം യു ഡിവിഷനല്‍ സെക്രട്ടറി എസ് ഗോപീകൃഷ്ണന്റെ അഭിപ്രായപ്രകാരമാണ് ബലി പെരുന്നാളിന് അവധി വേണ്ടെന്ന് നിശ്ചയിച്ചതെന്നും ഡി പി ഒ അറിയിച്ചു.
ദക്ഷിണ റെയില്‍വേ ആസ്ഥാനമായ ചെന്നൈയിലെ ചീഫ് പേഴ്‌സനല്‍ ഓഫീസര്‍ നല്‍കിയ അവധി പട്ടികയില്‍ അതത് ഡിവിഷനുകള്‍ക്ക് ആവശ്യമായ ഭേദഗതി വരുത്താമെന്നതാണ് ചട്ടം. അംഗീകൃത യൂനിയന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലൂടെയാണ് ഈ ഭേദഗതി വരുത്തേണ്ടത്. ചീഫ് പേഴ്‌സനല്‍ ഓഫീസര്‍ (സി പി ഒ) അനുവദിച്ച പട്ടികയില്‍ ബലി പെരുന്നാളിന് അവധിയായിരുന്നു.
ദക്ഷിണ റെയില്‍വേയുടെ 2014ലെ കലന്‍ഡര്‍ പ്രകാരം ഒക്‌ടോബര്‍ അഞ്ചിനാണ് ബലി പെരുന്നാള്‍ വരുന്നതെന്നും ആ ദിവസം ഞായറാഴ്ചയായതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടതില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ബലി പെരുന്നാള്‍ പ്രവൃത്തി ദിവസങ്ങളിലേക്ക് മാറുകയാണെങ്കില്‍ അന്നേ ദിവസം നിയന്ത്രിതാവധി നല്‍കാമെന്നും ഡി പി ഒ അറിയിച്ചു.
അതേസമയം, സാങ്കേതിക വിദഗ്ധരായ ഓപണ്‍ ലൈന്‍ ജീവനക്കാര്‍ക്ക് ഞായറാഴ്ച പൊതു അവധി അല്ലാത്തതിനാല്‍ ഈ ചട്ടം ബാധകമല്ല. ഓഫീസ് (അഡ്മിനിസ്‌ട്രേറ്റീവ്) ജീവനക്കാര്‍ക്ക് മാത്രമേ ഈ അവധി ഉപയോഗപ്പെടൂ. ബലി പെരുന്നാളിന് കേന്ദ്രം അവധി പ്രഖ്യാപിച്ചത് ഒക്‌ടോബര്‍ ആറ് തിങ്കളാഴ്ചയാണ്. ഇത് അവഗണിച്ച് ജീവനക്കാരില്‍ മുസ്‌ലിംകളില്ലെന്ന കാരണം പറഞ്ഞ് അവധി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.