ഗാസയിലെ ദീര്‍ഘകാല വെടിനിര്‍ത്തല്‍; ഈജിപ്തില്‍ ചര്‍ച്ച സജീവം

Posted on: August 7, 2014 12:02 am | Last updated: August 7, 2014 at 12:14 am

കൈറോ/ ഗാസ സിറ്റി: ഗാസ മുനമ്പില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് വേണ്ടിയുള്ള ചര്‍ച്ച ഈജിപ്തില്‍ പുരോഗമിക്കുന്നു. ഇസ്‌റാഈല്‍, ഫലസ്തീന്‍ പ്രതിനിധികളുമായി ഈജിപ്ഷ്യന്‍ അനുരഞ്ജകര്‍ ചര്‍ച്ചകള്‍ നടത്തി. അതേസമയം, താത്കാലിക വെടിനിര്‍ത്തലിന്റെ രണ്ടാം ദിനം സമാധാനപൂര്‍ണമായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ഇസ്‌റാഈലി പ്രതിനിധികളുമായി കൈറോയില്‍ ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. ഹമാസ്, ഇസ്‌ലാമിക് ജിഹാദ് ഗ്രൂപ്പ് എന്നിവയിലെ നേതാക്കളടക്കമുള്ള ഫലസ്തീന്‍ പ്രതിനിധികളുമായി ഇന്നലെ ചര്‍ച്ച നടത്തിയതായി ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇരു കൂട്ടരെയും ഒരേ വേദിയിലിരുത്തി ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും എന്നാല്‍ ശുഭപ്രതീക്ഷയുണ്ടെന്നും ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഫലസ്തീന്റെ ആവശ്യങ്ങള്‍ ഇസ്‌റാഈല്‍ സ്വീകരിക്കില്ലെന്ന സൂചനകളുണ്ട്.
അതേസമയം, പശ്ചിമേഷ്യന്‍ സമാധാന ദൂതന്‍ ടോണി ബ്ലെയറും യു എസ് പശ്ചിമേഷ്യന്‍ സമാധാന നടപടി കോഓഡിനേറ്റര്‍ റോബര്‍ട്ട് സെറിയും ഈജിപ്ഷ്യന്‍ അധികൃതരമായി ചര്‍ച്ച നടത്തി. ഗാസക്ക് മേലുള്ള ഇസ്‌റാഈലിന്റെ ഉപരോധം പിന്‍വലിക്കുക, ജറൂസലമില്‍ നിന്ന് കഴിഞ്ഞ ജൂണില്‍ പിടികൂടിയവരടക്കമുള്ള തടവുകാരെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഫലസ്തീന്‍ ഉന്നയിച്ചത്.
ഹമാസിനെ നിരായുധീകരിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഇസ്‌റാഈല്‍. റോക്കറ്റ് ശേഖരം ഹമാസ് ഉപേക്ഷിക്കണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.