Connect with us

Palakkad

കുടുംബശ്രീ അംഗങ്ങളുടെ ഭവനവായ്പ എഴുതിത്തള്ളും: മന്ത്രി മുനീര്‍

Published

|

Last Updated

പാലക്കാട്: കുടുംബശ്രീ അംഗങ്ങളുടെ ഭവനവായ്പ എഴുതിതള്ളുകയും അവര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു. ഇത്തവണത്തെ ബജറ്റില്‍ കുടുംബശ്രീക്കായി 115 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എലപ്പുള്ളി ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ സി ഡി എസ്സുകളുടെ 16-ാം വാര്‍ഷികം എലപ്പുള്ളി, പാറ കൃഷ്ണശ്രീ കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയില്‍ ക്രെഡിറ്റ് ബേസ്ഡ് ഇന്‍ഷുറന്‍സ് ആരംഭിക്കും. ഗ്രൂപ്പിലെ ഒരംഗത്തിന് എന്തെങ്കിലും അപകടമുണ്ടായാലും ഗ്രൂപ്പ് നിലനില്‍ക്കുന്നതിന് ഈപദ്ധതി സഹായകരമാകും. കൂടാതെ ഇവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതികളും ആരംഭിക്കും. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങള്‍ കുടുംബശ്രീ രൂപവത്ക്കരിക്കാന്‍ കേരളത്തെ മാതൃകയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പത്മാവതി അദ്ധ്യക്ഷത വഹിച്ചു. കെ വി വിജയദാസ് എം എല്‍ എ സി ഡി എസ്സുകള്‍ക്കുള്ള മാച്ചിംഗ് ഗ്രാന്റ് വിതരണം നിര്‍വ്വഹിച്ചു.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വേലായുധന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ. ഹരിദാസ്, എം നസീമ, ആര്‍.രാധ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ആര്‍ സുരേഷ്‌കുമാര്‍, ടി ആര്‍ സുരേഷ്‌കുമാര്‍, എ തങ്കമണി, സി വിശാലാക്ഷി എന്നിവര്‍ സംസാരിച്ചു.

Latest