ഭക്ഷ്യസുരക്ഷാ നിയമം ഒക്‌ടോബര്‍ രണ്ട് മുതല്‍

Posted on: August 5, 2014 7:42 am | Last updated: August 5, 2014 at 7:42 am

Food Safetyതിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ രണ്ട് മുതല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിന് കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുന്നതോടെ ബി പി എല്‍, എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് പുറമെ 2009ല്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ബി പി എല്‍ വിഭാഗത്തില്‍ പെട്ട കാര്‍ഡ് ഉടമകളില്‍ ആളൊന്നിന് അഞ്ച് കിലോ അരി വീതമായിരിക്കും ലഭിക്കുക. 2009ലെ ബി പി എല്‍ പട്ടികയില്‍ പെട്ട പന്ത്രണ്ട് ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ 32 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. എ പി എല്‍ വിഭാഗത്തില്‍ ഓരോ റേഷന്‍ കാര്‍ഡിനും ഒമ്പത് കിലോ ഭക്ഷ്യധാന്യം വീതം ലഭിക്കും.
നിലവില്‍ ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യുന്ന അരിയുടെ വില മൂന്ന് രൂപയാക്കണമോ എന്ന കാര്യത്തില്‍ യു ഡി എഫ് രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുമെന്ന് യോഗത്തിനു ശേഷം ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ബി പി എല്‍, എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ കേന്ദ്രത്തില്‍ നിന്ന് 5.60 രൂപക്ക് ലഭിക്കുന്ന അരിയാണ് സബ്‌സിഡി നല്‍കി ഒരു രൂപ നിരക്കില്‍ സംസ്ഥാനത്ത് വിതരണം ചെയ്തുവന്നിരുന്നത്. അതേസമയം, കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഒരു കിലോ അരി മൂന്ന് രൂപ നിരക്കിലാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. അത് അതേ നിരക്കില്‍ത്തന്നെ കാര്‍ഡുടമകള്‍ക്ക് നല്‍കണമോ, അതോ സംസ്ഥാനം നല്‍കിവന്നിരുന്ന ഒരു രൂപ നിരക്കിലാക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭാ യോഗമായിരിക്കും കൈക്കൊള്ളുക. ഭക്ഷ്യ വകുപ്പ് വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിക്കും. ഒരു രൂപ നിരക്കില്‍ സര്‍ക്കാര്‍ നല്‍കി വരുന്ന അരി നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് യാതൊരു തീരുമാനവും ഇപ്പോള്‍ കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാകുന്നതോടെ ബി പി എല്‍, എ പി എല്‍ വിഭാഗങ്ങള്‍ക്കു പകരം പ്രയോരിറ്റി, നോണ്‍ പ്രയോരിറ്റി കാറ്റഗറിയാകുമുണ്ടാകുക. സംസ്ഥാനത്ത് മൂന്ന് മാസം വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം സംഭരിച്ചുവെക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംഭരണ കേന്ദ്രങ്ങള്‍ ഇതിനോടകം സിവില്‍ സപ്ലൈസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അത് കൈമാറിക്കിട്ടുന്നതിനുള്ള കാലതാമസമാണ് ഇനിയുള്ളതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കും. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതോടെ അനര്‍ഹരായവരെ ഒഴിവാക്കുന്നതിനായാണ് കാര്‍ഡ് പുതുക്കുന്നത്. കാര്‍ഡുകള്‍ പുതുക്കുന്നതിന്റെ ഭാഗമായുള്ള അപേക്ഷാ ഫോം വിതരണം സെപ്തംബറില്‍ ആരംഭിക്കും.
നാല് പേജുള്ള ഫോമായിരിക്കും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുക. ഉടമസ്ഥന്റെ പേര്, വരുമാനം, ആധാര്‍, ബേങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം. ഇതുസംബന്ധിച്ച് ഉടമസ്ഥന്‍ സത്യവാങ്മൂലവും നല്‍കണം. ഫോം പൂരിപ്പിച്ച് തിരികെ വാങ്ങുന്നതിനും പരിശോധനക്കുമുള്ള ക്യാമ്പുകള്‍ ഒക്‌ടോബറില്‍ നടക്കും. പ്രയോരിറ്റി, നോണ്‍ പ്രയോരിറ്റി സംബന്ധിച്ച കരട് പട്ടിക അതത് പഞ്ചായത്തുകളില്‍ ഡിസംബറില്‍ പ്രസിദ്ധീകരിക്കും.
റവന്യൂ, ഗ്രാമവികസനം, പഞ്ചായത്ത്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സമിതിയായിരിക്കും കരട് പട്ടിക സംബന്ധിച്ച പരാതികള്‍ കേള്‍ക്കുക. ജില്ലാ കലക്ടര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. പരാതികള്‍ പരിഹരിച്ചശേഷം 2015 ജനുവരിയില്‍ പുതിയ റേഷന്‍ കാര്‍ഡ് സംബന്ധിച്ച അന്തിമ പട്ടിക പുറത്തിറക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും.
ഓരോ വീട്ടിലെയും ഏറ്റവും മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലാകും പുതിയ റേഷന്‍ കാര്‍ഡ് തയ്യാറാക്കുക. 2009ലെ ബി പി എല്‍ പട്ടികയില്‍പ്പെട്ടവരില്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് താത്കാലിക കാര്‍ഡ് അനുവദിക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായി.