ഡി ജി പി തസ്തിക; ചീഫ് സെക്രട്ടറിയെ മറികടക്കാന്‍ നിയമോപദേശം തേടി

Posted on: August 4, 2014 3:01 am | Last updated: August 5, 2014 at 7:13 am

the-lawതിരുവനന്തപുരം: ഡി ജി പിമാരുടെ അധിക തസ്തികകള്‍ സൃഷ്ടിക്കാനാകില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാട് മറികടക്കാന്‍ ശ്രമം തുടങ്ങി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം രണ്ട് തവണ ചീഫ് സെക്രട്ടറി നിരസിച്ചതോടെ സര്‍ക്കാറിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടി. ഫെബ്രുവരിയില്‍ വിരമിക്കുന്ന ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി. എം എന്‍ കൃഷ്ണമൂര്‍ത്തിയെ ഡി ജി പി ആക്കാനാണ് ഈ നീക്കം. അദ്ദേഹത്തെ ഡി ജി പി തസ്തികയിലേക്ക് ഉയര്‍ത്തിയാല്‍ അതേ ബാച്ച് ഉദ്യോഗസ്ഥനായ വിജിലന്‍സ് എ ഡി ജി പി വിന്‍സന്‍ എം പോളിനും ഡി ജി പി തസ്തിക നല്‍കേണ്ടി വരും. ഈ സാഹചര്യം കൂടി പരിശോധിച്ചാണ് രണ്ട് തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുന്നത്.

അതേ സമയം, എ ഡി ജി പിമാര്‍ക്ക് ഡി ജി പി പദവി നല്‍കാനുള്ള ആഭ്യന്തര മന്ത്രിയുടെ ശിപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. രണ്ട് തവണയും ഇത് സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മടക്കിയിരുന്നു. ആദ്യ തവണ ചീഫ് സെക്രട്ടറി ഉന്നയിച്ച മൂന്ന് തടസ്സങ്ങള്‍ക്കും മറുപടികള്‍ നല്‍കിയാണ് വീണ്ടും ഫയല്‍ അയച്ചത്. എന്നാല്‍ കോടതി വിധികളുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് കാണിച്ചാണ് ശിപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി വീണ്ടുമറിയിച്ചത്.
ഡി ജി പിയാക്കാനുള്ള നീക്കത്തിന് ചീഫ് സെക്രട്ടറി രണ്ടാം വട്ടവും തടയിട്ട സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതല വിന്‍സണ്‍ എം പോള്‍ ഒഴിയേണ്ടിവരുമെന്ന അവസ്ഥ സംജാതമായിരുന്നു. മറ്റു പോംവഴി കണ്ടെത്തിയില്ലെങ്കില്‍, പകരം ഡി ജി പി റാങ്കിലുള്ളയാളെ തന്നെ വിജിലന്‍സില്‍ നിയമിക്കാന്‍ സര്‍ക്കാറും നിര്‍ബന്ധിതമാകും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ തസ്തിക സൃഷ്ടിക്കുന്നതിനു വിരോധമില്ലെന്നാണ് രണ്ടാഴ്ച മുമ്പ് ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അധികാരം ഉപയോഗിച്ച് രണ്ട് ഡി ജി പി തസ്തിക കൂടി സൃഷ്ടിക്കാന്‍ പറ്റുമോയെന്നാണ് നിയമ സെക്രട്ടറിയോട് ഉപദേശം ചോദിച്ചിരിക്കുന്നത്.