Connect with us

Kozhikode

തുടര്‍പഠനം അവതാളത്തിലായി വിദ്യാര്‍ഥികള്‍; അലോട്ട്‌മെന്റ് ലഭിച്ചത് നിലവിലില്ലാത്ത കോളജില്‍

Published

|

Last Updated

വടകര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കെടുകാര്യസ്ഥത മൂലം ബീ കോം ഫിനാന്‍സ് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷ നല്‍കിയ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍പഠനം അനിശ്ചിതത്വത്തില്‍.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ 25 ഓളം കോളജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം ഈ വര്‍ഷം മെയില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് ഇല്ലാത്ത കോളജുകളിലേക്കാണ് അലോട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്.
ഒന്നാമത് അലോട്ട്‌മെന്റില്‍ യൂനിവേഴ്‌സിറ്റിയുടെ കോളജ് ലിസ്റ്റില്‍ പതിനൊന്നാമത്തെ നമ്പറായി രേഖപ്പെടുത്തിയ കെ എം സി ടി വടകര എന്ന കോളജിലേക്ക് അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് തുടര്‍പഠനം പ്രയാസമായത്. അലോട്ട്‌മെന്റ് ലഭിച്ചയുടന്‍ യൂനിവേഴ്‌സിറ്റിയില്‍ 230 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടക്കുകയും ചെയ്തു.
രണ്ടാമത് അലോട്ട്‌മെന്റും കെ എം സി ടിയില്‍ തന്നെ ലഭിച്ചു. മൂന്നാമത് അലോട്ട്‌മെന്റിലുണ്ടായിരുന്ന വിദ്യാര്‍ഥികളോട് താത്കാലികമായി അഡ്മിഷന് തയ്യാറാകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കോളജ് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ പേരുള്ള കോളജ് വടകരയില്‍ ഇല്ലെന്നറിയുന്നത്. നാലാമത് അലോട്ട്‌മെന്റ് ശനിയായിച്ചയോടെ അവസാനിച്ചു. മുന്നാമത് അലോട്ട്‌മെന്റ് വരെ അനുവദിച്ച 40 കുട്ടികള്‍ അഡ്മിഷന്‍ എടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും 40 പേര്‍ക്ക് അലോട്ട്‌മെന്റ് വന്നിരിക്കുകയാണ്.
തുടര്‍പഠനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. സ്വകാര്യ കോളജുകളിലും ഇതിനകം അഡ്മിഷന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഇതുമായി ബന്ധപ്പെട്ട് വിദ്യര്‍ഥികള്‍ യൂനിവേഴ്‌സിറ്റി അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാനോ പകരം മറ്റു കോളജിലേക്ക് തുടര്‍പഠനത്തിന് അവസരം നല്‍കാനോ തയ്യാറായിട്ടില്ല.

Latest