വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ രാത്രിയില്‍ കൂടുതല്‍ സ്‌ക്വാഡുകള്‍

Posted on: August 3, 2014 9:10 am | Last updated: August 3, 2014 at 8:33 am

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റ് അഴിമതിവിമുക്തമാക്കാന്‍ രാത്രികാല പരിശോധനക്ക് പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കൂടുതല്‍ സ്‌ക്വാഡുകള്‍ ഏര്‍പ്പെടുത്തല്‍, ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ഷിഫ്റ്റിന്റെ ദൈര്‍ഘ്യം കുറക്കല്‍, ഹോട്ട്‌ലൈന്‍ സംവിധാനം തുടങ്ങിയ പരിഷ്‌കാരങ്ങളാണ് രാത്രികാല പരിശോധനക്ക് ഏര്‍പ്പെടുത്തുക. സോഷ്യല്‍ ഓഡിറ്റിംഗും തെളിവെടുപ്പുകളും നടത്തി 2007 ല്‍ നടപ്പാക്കിയ അഴിമതിരഹിത വാളയാര്‍ പദ്ധതി ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് രാത്രികാലപരിശോധനകള്‍ക്ക് പുതിയ സജ്ജികരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പകല്‍ കടന്നു പോകുന്ന വാഹനങ്ങളിലുളള ചരക്കുകളുടെ മൂല്യത്തിന്റെ നാലിരട്ടി വരെ ചരക്കുകളാണ് രാത്രിയില്‍ ചെക്ക്‌പോസ്റ്റ് കടന്ന് സംസ്ഥാനത്ത് എത്തുന്നത്.

കോഴിക്കടത്ത,് നികുതി വെട്ടിച്ച് തമിഴ്‌നാട്ടില്‍ നിന്ന് എം സാന്‍ഡ് കടത്തല്‍ എന്നിവ തടയാന്‍ രാത്രികാലങ്ങളില്‍ കൂടുതല്‍ സ്‌ക്വാഡുകള്‍ ഏര്‍പ്പെടുത്താനുളള നീക്കമാണ് സര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പ്രധാന പരിഷ്‌കാരം. ചെക്ക്‌പോസ്റ്റ് ജീവനക്കാരുടെ രാത്രി ഷിഫ്റ്റുകള്‍ വീണ്ടും വിഭജിക്കും. ഒരു ജീവനക്കാരന്‍ രാത്രി മൂന്ന് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന വിധത്തില്‍ ഷിഫ്റ്റ് ക്രമീകരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വാളയാര്‍ ചെക്ക്‌പോസ്റ്റ് വെട്ടിച്ച് രാത്രികാലങ്ങളില്‍ മീനാക്ഷിപുരം ഗോവിന്ദപുരം ചെക്ക്‌പോസ്റ്റുകളില്‍ പടി നല്‍കി കടന്നു പോകുന്ന വാഹനങ്ങള്‍ പിടികൂടാന്‍ രണ്ട് ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ പോലീസുകാരെയും വാഹനങ്ങളെയും നിയോഗിക്കും.
രാത്രിയില്‍ ഗതാഗതക്കുരുക്കും തിരക്കും കുറക്കാന്‍ ഗ്രീന്‍ ചാനലിലുടെ പച്ചക്കറി, പാല്‍ എന്നിവക്ക് പുറമേ കൂടുതല്‍ നിത്യോപയോഗ സാധങ്ങള്‍ കടത്തിവിടും. തമിഴ്‌നാട്ടിലെ ഔട്ടര്‍ ചെക്ക്‌പോസ്റ്റുകളുമായി ഹോട്ട്‌ലൈന്‍ സംവിധാനം, എക്‌സൈസ് വിഭാഗത്തിന്റെ രാത്രികാല വാഹന പരിശോധനക്ക് അത്യാധുനിക സ്‌കാനറുകള്‍, ഇ ഡിക്ലറേഷന്‍ സമര്‍പ്പിക്കാന്‍ പ്രിവിലേജ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും രാത്രിയുടെ മറവില്‍ വാളയാറിലെ ക്രമക്കേടുകള്‍ തടയാനായി അവതരിപ്പിക്കാനാണ് ധന വകുപ്പ്, എക്‌സൈസ്, വാഹന വകുപ്പുകളുടെ സംയുക്ത നീക്കം.