സ്റ്റുഡന്റ് പോലീസിന് ഒരു കോടി രൂപ നല്‍കും: മുനീര്‍

Posted on: August 3, 2014 12:58 am | Last updated: August 3, 2014 at 12:58 am

കണ്ണൂര്‍: സാമൂഹിക നീതി വകുപ്പിന്റെ വീ കെയര്‍ പദ്ധതിയില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കാളികളാക്കുമെന്ന് സാമൂഹിക നീതി മന്ത്രി എം കെ മുനീര്‍. സാമൂഹിക സുരക്ഷിതത്വ പരിപാടിയുമായി ബന്ധപ്പെട്ട് പാവപ്പെട്ടവരെയും ആലംബഹീനരെയും സഹായിക്കുന്നതിനാണ് ഒരു ലക്ഷം പേരുടെ വീ കെയര്‍ ഗ്രൂപ്പ് സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്നത്. ഇതിന്റെ മുഖ്യ ചുമതല സ്റ്റുഡന്റ് പോലീസിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന് ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ് പി സി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. അച്ചടക്കമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ നാല് വര്‍ഷത്തെ എസ് പി സി പ്രവര്‍ത്തനം കൊണ്ട് സാധിച്ചു. വിദ്യാര്‍ഥികള്‍ക്കും വ്യക്തി സ്വാതന്ത്ര്യമുണ്ടെന്നും അസ്ഥിത്വമുണ്ടെന്നും എസ് പി സി തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൃഷി മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു.