മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ ഏഴംഗ സംഘം അറസ്റ്റില്‍

Posted on: August 2, 2014 7:46 am | Last updated: August 2, 2014 at 7:46 am

പാവറട്ടി(തൃശൂര്‍): സ്വര്‍ണ കവചമൊരുക്കി മുക്ക് പണ്ടം നിര്‍മിച്ച് പണയം വെച്ച് കോടികള്‍ തട്ടിയ ഏഴംഗ സംഘത്തെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന്റെ ബുദ്ധികേന്ദ്രമായും മുക്ക് പണ്ടങ്ങളുടെ നിര്‍മാതാവായും പ്രവര്‍ത്തിച്ച കോലഴി സ്വദേശി തടുകുടിവീട്ടില്‍ മണികണ്ഠന്‍ എന്ന മുരുകേശന്‍(40), കൊണ്ടോട്ടി സ്വദേശി കുട്ടന്‍ക്കാവില്‍ വീട്ടില്‍ യൂസുഫ്(32), പാവറട്ടി പാലുവായ് സ്വദേശി കൊഴപ്പാട്ട് വീട്ടില്‍ സ്മിജന്‍(28), എരവിമംഗലം സ്വദേശി കിഴാതൊടി വീട്ടില്‍ ബിജു(22), കോഴിക്കോട് കൂട്ടിലങ്ങാടി സ്വദേശി കുളക്കല്‍ വീട്ടില്‍ നിസാമുദ്ദീന്‍(28), മുളങ്കുന്നത്തുകാവ് പോട്ടൂര്‍ സ്വദേശി പൂവ്വത്തിങ്കല്‍ വീട്ടില്‍ ഷിജു(32), മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി പടിക്കല്‍ വീട്ടില്‍ മുനീര്‍(32) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതി തൊയക്കാവ് സ്വദേശി ഏറച്ചംവീട്ടില്‍ ഹിഷാം (30) ഒളിവിലാണ്.

പാവറട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ മണപ്പുറം ഫിനാന്‍സില്‍ നാല് വളകള്‍ പണയം വെക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പോലീസ് എത്തുമ്പോഴേക്കും ഹിഷാം കടന്നുകളഞ്ഞു. കൂടെയുണ്ടായിരുന്ന സ്മിജന്‍, ബിജു എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ വ്യാപക തട്ടിപ്പ് നടത്തുന്നവരാണ് വലയിലകപ്പെട്ടതെന്ന് പോലീസിന് മനസ്സിലായത്. എസ് ഐ പി ആര്‍ ബിജോയ് നടത്തിയ മണിക്കൂറുകള്‍ നീണ്ടുനിന്ന ഓപ്പറേഷനില്‍ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നായി ഏഴ് പേരേയും അറസ്റ്റ് ചെയ്തു. സ്വര്‍ണ നിര്‍മാതാക്കളുടെ തിരിച്ചറിയല്‍ വൈഭവത്തെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു മുരുകേശന്‍ മുക്ക് സ്വര്‍ണങ്ങള്‍ നിര്‍മിച്ചിരുന്നത്. വെള്ളിയും ചെമ്പും ഉപയോഗിച്ച് നിര്‍മിക്കുന്ന വളകളില്‍ സ്വര്‍ണ കവചം പൊതിയുന്നതാണ് നിര്‍മാണ രീതിയെന്ന് പോലീസ് പറഞ്ഞു.
ഇതുമൂലം സംശയം തോന്നി ഉരച്ച് നോക്കിയാലോ തറയിലിട്ടാലോ സ്വര്‍ണമായിട്ട് തന്നെയാണ് തോന്നുക. 10 ഗ്രാം വളയില്‍ മൂന്നരഗ്രാം സ്വര്‍ണകവചം എന്നതാണ് ഇവരുടെ രീതി. കള്ളപണ്ടങ്ങള്‍ നിര്‍മിക്കുന്ന എല്ലാ സാധനസാമഗ്രികളും കോലഴി സ്വദേശി മുരുകേശന്റെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് ജില്ലയിലെ സിറ്റിബേങ്ക്, സഹകരണബേങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം മുക്ക് പണ്ടങ്ങള്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി അറസ്റ്റിലായവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തൃശൂരിലും മറ്റ് ജില്ലകളിലും സമാനരീതിയില്‍ സംഘം തട്ടിപ്പ് നടത്തിയതായും പോലീസിന് സംശയമുണ്ട്. വാര്‍ത്തകള്‍ പുറത്തറിയുന്നതോടെ കൂടുതല്‍ പരാതിക്കാരെത്തുമെന്നാണ് പോലീസ് കരുതുന്നത്. പ്രതി ഹിഷാമിന് വേണ്ടി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.