പൊന്നാനിയില്‍ നിന്ന് ആസ്‌ത്രേലിയയിലേക്ക് വീണ്ടും മനുഷ്യക്കടത്തിന് ശ്രമം

Posted on: August 2, 2014 7:35 am | Last updated: August 2, 2014 at 7:35 am

പൊന്നാനി: കടല്‍മാര്‍ഗം പൊന്നാനി തീരത്ത് നി ന്ന് ആസ്‌ത്രേലി യയി ലേക്ക് മനുഷ്യക്കടത്തി ന് വീണ്ടും ശ്രമം നടന്നതായി വി വരം. 11 ശ്രീലങ്കന്‍ സ്വദേശികളേയും മൂന്ന് മലയാളികളേയും മത്സ്യബന്ധന വള്ളത്തില്‍ ആസ്‌ത്രേലിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടന്നതായി തമിഴ്‌നാട് ഇന്റലിജന്‍സ് വിഭാഗമാണ് വിവരം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്നുളള ക്യൂ ബ്രാഞ്ച് അധികൃതര്‍ പൊന്നാനിയിലെത്തി രണ്ട് പേരെ ചോദ്യം ചെയ്തു.

2012 ല്‍ പൊന്നാനി കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്ത് ശ്രമത്തിന് മത്സ്യബന്ധന ബോട്ട് വില്‍പ്പന നടത്തിയവരില്‍ രണ്ട് പേരെയാണ് കന്യാകുമാരിയില്‍ നിന്നുളള പ്രത്യേക അന്വേഷണ ഏജന്‍സി അധികൃതര്‍ ചോദ്യം ചെയ്തത്. കഴിഞ്ഞ മാസം ആദ്യവാരം നടന്ന മനുഷ്യക്കടത്ത് ശ്രമത്തില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്യൂ ബ്രാഞ്ച് അധികൃതര്‍ പൊന്നാനിയിലെത്തി അന്വേഷണം ആരംഭിച്ചത്. ആസ്‌ത്രേലിയയിലേക്ക് കൊണ്ടുപോകാന്‍ തിരഞ്ഞെടുത്തവരില്‍ നിന്ന് മൂന്നര ലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ചെന്നാണ് കന്യാകുമാരി അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പരാതി.
ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് അഭയാര്‍ഥികളായി എത്തുന്നവരെ അഞ്ച് ലക്ഷം രൂപ വരെ വാങ്ങി ആസ്‌ത്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘം സംസ്ഥാനത്തിന്റെ തീരത്ത് സജീവമാണെന്ന വിവരം തമിഴ്‌നാട് ഇന്റലിജന്‍സ് സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. മംഗലാപുരം, കന്യാകുമാരി ഭാഗങ്ങളിലുളള ഏജന്റുമാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേരള തീരത്തെ പഴയ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും വിലക്കുവാങ്ങിയാണ് മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നത്. ബോട്ടുകള്‍ വിലക്കു വാങ്ങാന്‍ കേരള തീരത്ത് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവര്‍ നിരവധി പേരുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരാണ് പൊന്നാനിയില്‍ നിന്നുളള മനുഷ്യക്കടത്തിന് വഴിയൊരുക്കിയതെന്നാണ് കന്യാകുമാരിയില്‍ നിന്നുളള അന്വേഷണ സംഘത്തിന്റെ നിഗമനം. രണ്ട് വര്‍ഷം മുമ്പ് പൊന്നാനിയില്‍ നടന്ന മനുഷ്യക്കടത്ത് ശ്രമത്തില്‍ നാല്‍പ്പതിലേറെ പേരാണ് കബളിപ്പിക്കപ്പെട്ടത്. ഇതിന് നേതൃത്വം നല്‍കിയ തമിഴ്‌നാട് സ്വദേശിയെ മംഗലാപുരം പോലീസ് പിടികൂടിയിരുന്നു. ഒരു ലക്ഷം രൂപ വീതമാണ് അന്ന് ആസ്‌ത്രേലിയന്‍ യാത്രക്കായി ഇവര്‍ വാങ്ങിയിരുന്നത്. മനുഷ്യക്കടത്തിന് ഉപയോഗിച്ച പൊന്നാനിയില്‍ നിന്നുളള ബോട്ട് അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഏതാനും മാസം മുമ്പാണ് ഇത് ലേലം ചെയ്തത്. കഴിഞ്ഞ മാസം നടന്ന മനുഷ്യക്കടത്ത് ശ്രമത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പൊന്നാനി പോലീസ് തീരുമാനിച്ചിട്ടുണ്ട്.