പിങ്കിയിലൂടെ ഇന്ത്യക്ക് ആദ്യ ബോക്‌സിംഗ് മെഡല്‍

Posted on: August 2, 2014 1:17 am | Last updated: August 2, 2014 at 1:17 am

ഗ്ലാസ്‌ഗോ: വനിതാ ബോക്‌സിംഗില്‍ പിങ്കി ജാഗ്ര ഇന്ത്യക്ക് വെങ്കലമെഡല്‍ സമ്മാനിച്ചു. 51 കിലോവിഭാഗം സെമിഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ മിഷേല വാല്‍ഷുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് പിങ്കി കാഴ്ചവെച്ചത്.
എട്ട് മിനുട്ട് നീണ്ടു നിന്ന നാല് റൗണ്ടിന് ശേഷം സ്‌കോര്‍ 38-38 തുല്യം. എന്നാല്‍, കാനഡയില്‍ നിന്നും ഹംഗറിയില്‍ നിന്നുമുള്ള റഫറിമാര്‍ 40-36, 39-37ന് ഐറിഷ് താരത്തിന് അനുകൂലമായി വിധിയെഴുതി. ഇതോടെ, 2-0ന് പിങ്കിക്ക് ഫൈനല്‍ നഷ്ടമായി.
ഹരിയാനയില്‍ നിന്നുള്ള ഇരുപത്തിനാലുകാരി ആദ്യ രണ്ട് റൗണ്ടിലും എതിരാളിയെ തുടരെ ആക്രമിച്ചു. മൂന്നാം റൗണ്ടില്‍ മൂന്ന് പോയിന്റിന് പിറകില്‍ പോയി. നാലാം റൗണ്ടില്‍ മൂന്ന് ജഡ്ജുമാരും പിങ്കിക്ക് എതിരായി. 10-9ന് വാല്‍ഷിന് അനുകൂലമായാണ് വിധി വന്നത്.
മികച്ച പ്രകടനം സാധ്യമായില്ലെന്ന് മത്സരശേഷം പിങ്കി പറഞ്ഞു. വാല്‍ഷിന് തന്നെക്കാള്‍ ഉയരമുണ്ട്. ഇതൊരു പ്രശ്‌നമായി. പരമാവധി ശ്രമിച്ചു. ഭാവിയില്‍ കൂടുതല്‍ മികച്ച പ്രകടനം ലക്ഷ്യമിടുന്നു – പിങ്കി പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ മേരി കോമിനെ തോല്‍പ്പിച്ചാണ് പിങ്കി ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ടത്.
ബോക്‌സിംഗില്‍ സരിതാ ദേവി, ദേവേന്ദ്രോ സിംഗ്, മന്‍ദീപ് ജഗ്ര, വിജേന്ദര്‍ സിംഗ് എന്നിവരും സെമിഫൈനലിലെത്തി.