Connect with us

Wayanad

ഏകജാലക സംവിധാനം നോക്കുകുത്തിയാവുന്നു

Published

|

Last Updated

കല്‍പ്പറ്റ: പുതുതായി ഹയര്‍ സെക്കന്‍ഡറി കോഴ്‌സും പുതിയ ബാച്ചും അനുവദിച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം വരും മുമ്പെ ചില മാനേജ്‌മെന്റ് സ്‌കൂളുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.
40 വിദ്യാര്‍ഥികളെങ്കിലും ഉള്ള സ്‌കൂളുകള്‍ക്കേ പുതിയ ബാച്ചിന് സ്ഥിരീകരണം ലഭിക്കൂ എന്ന സര്‍ക്കാര്‍ നിബന്ധന മറികടക്കാനാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. പുതിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പുതിയ ബാച്ച് അനുവദിച്ചിട്ടുള്ള സ്‌കൂളുകളിലും വിദ്യാര്‍ഥി പ്രവേശനം നിലവിലെ ഏകജാലക സംവിധാനത്തിലൂടെയേ നടത്തൂ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാവുകയാണ്. മാനന്തവാടി രൂപതാ കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറിയില്‍ പുതുതായി അനുവദിച്ച കൊമേഴ്‌സ് ബാച്ചിലേക്ക് പത്രദ്വാര ഇതിനകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതേ മാനേജ്‌മെന്റിന് കീഴിലെ മറ്റ് എയ്ഡഡ് സ്‌കൂളിലും പരസ്യപ്പെടുത്താതെ വിദ്യാര്‍ഥി പ്രവേശനത്തിനായി അപേക്ഷ സ്വീകരിക്കുന്നുണ്ടത്രെ. ഏകജാലക സംവിധാനം വഴി ഇതുവരെ പ്രവേശനം ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ട കോമ്പിനേഷനോ താല്‍പര്യപ്പെടുന്ന സ്‌കൂളോ ലഭിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പുതിയ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റുകള്‍ യഥേഷ്ടം അപേക്ഷ നേരിട്ട് സ്വീകരിക്കുന്നത്. ഇത് ഹയര്‍സെക്കന്‍ഡറി പ്രവേശന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ വിജ്ഞാപനം വരുമ്പോള്‍ അപേക്ഷിക്കാനും കോമ്പിനേഷന്‍ മാറ്റിക്കൊടുക്കാനും പ്രവേശനം നേടാനുമുള്ള തീയതികള്‍ നിശ്ചയിക്കും. ഈ ഘട്ടത്തില്‍ നേരത്തെ സ്വീകരിച്ച അപേക്ഷയിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തന്നെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സാധിക്കും. ഇതിനായാണ് സര്‍ക്കാര്‍ ഉത്തരവില്ലാതെ മുന്‍കൂട്ടി അപേക്ഷ സ്വീകരിക്കുന്നത്.
അതേസമയം പുതുതായി ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തിയ ഗവ ഹൈസ്‌കൂളുകളിലും പുതിയ ബാച്ച് അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ സ്‌കൂളിലും ഇതുവരെ പ്രവേശന നടപടികളൊന്നും ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ വിജ്ഞാപനം വന്ന ശേഷം ഗവ. നിര്‍ദേശം അനുസരിച്ചേ പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ മേഖലയിലെ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ജില്ലയിലെ ഒമ്പത് ഹൈസ്‌കൂളുകളില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറി അനുവദിച്ചിട്ടുണ്ട്. കോട്ടത്തറ ജി എച്ച് എസ്, കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി എം ആര്‍ എസ്, മാനന്തവാടി രൂപതാ കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കണിയാരം ഫാ ജി കെ എം ഹൈസ്‌കൂള്‍, ഓര്‍ഫനേജ് മാനേജ്‌മെന്റിന് കീഴിലുള്ള മുട്ടില്‍ ഡബ്ലിയു എം ഒ വി എച്ച് എസ്, കോഴിക്കോട് രൂപതാ മാനേജ്‌മെന്റിന് കീഴിലുള്ള പള്ളിക്കുന്ന് ലൂര്‍ദ് മാതാ ഹൈസ്‌കൂള്‍, ആര്‍ സി എച്ച് എസ് ചുണ്ടേല്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ എടത്തനയില്‍ പ്രവര്‍ത്തിക്കുന്ന ഗവ ട്രൈബല്‍ ഹൈസ്‌കൂള്‍, വാളേരി ജി എച്ച് എസ്, കുഞ്ഞോം ജി എച്ച് എസ് എന്നിവയാണ് പുതുതായി ഹയര്‍സെക്കന്‍ഡറി ആയി ഉയര്‍ത്തിയത്. ഡബ്ലിയു എം ഒ എച്ച് എസ് എസ് പിണങ്ങോട്, ദ്വാരക സേക്രട്ട്ഹാര്‍ട്ട് എച്ച് എസ് എസ്, നടവയല്‍ സെന്റ് തോമസ് എച്ച് എസ് എസ്, ജി വി എച്ച് എസ് എസ് മാനന്തവാടി, ജി എച്ച് എസ് എസ് മീനങ്ങാടി, ജി എച്ച് എസ് എസ് മേപ്പാടി, ജി എം എച്ച് എസ് എസ് വെള്ളമുണ്ട, എസ് കെ എം ജെ എച്ച് എസ് എസ് കല്‍പറ്റ, സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് മേപ്പാടി, സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളന്‍കൊല്ലി, ജയശ്രീ എച്ച് എസ് എസ് കല്ലുവയല്‍, സര്‍വോദയ എച്ച് എസ് എസ് ഏച്ചോം, എസ് എന്‍ എച്ച് എസ് എസ് പൂതാടി, സെന്റ് മേരീസ് എച്ച് എസ് എസ് ബത്തേരി, എം ഡി ഡി എം എച്ച് എസ് എസ് തൊണ്ടര്‍നാട് എന്നിവിടങ്ങളിലാണ് പ്ലസ്ടു അഡീഷണല്‍ കോഴ്‌സുകള്‍. നൂല്‍പ്പുഴ. അമ്പലവയല്‍, നെ•േനി, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, തിരുനെല്ലി പഞ്ചായത്തുകളില്‍ പുതിയ ഹയര്‍സെക്കന്‍ഡറിയോ അഡീഷണല്‍ ബാച്ചോ അനുവദിച്ചില്ല. ബത്തേരി ഉപജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളായ കാക്കവയലിനെ പരിഗണിച്ചതേയില്ല. ഇവിടെ നേരത്തെ ഏകജാലക സംവിധാനത്തില്‍ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത് രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ഥികളാണ്. ബത്തേരി ഉപജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ മീനങ്ങാടി ജി.എച്ച്.എസ്.എസില്‍ മാത്രമാണ് അധികബാച്ച് അനുവദിച്ചത്. പഠനത്തിലും കലാ-കായിക മേഖലകളിലും മികവു തെളിയിച്ച കാക്കവയല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ബാച്ചുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും ഈ സ്‌കൂളിനെ പരിഗണിച്ചില്ല. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ ഗവ എച്ച് എസ് എസില്‍ അഡീഷണല്‍ കോഴ്‌സ് ഉറപ്പായും അനുവദിക്കുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ അധികബാച്ചുകള്‍ സ്വകാര്യമേഖലയില്‍ അനുവദിച്ചപ്പോള്‍ പെരിക്കല്ലൂര്‍ ജി എച്ച് എസ് എസിനെ തഴയുകയായിരുന്നു. നെന്‍മേനി പഞ്ചായത്തിലെ ചീരാല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെയും അധിക ബാച്ച് നല്‍കുന്നതില്‍നിന്നും ഒഴിവാക്കി. പുതിയ ബാച്ചുകള്‍ അനുവദിച്ചപ്പോള്‍ അര്‍ഹതയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളെ തഴയുകയായിരുന്നു. ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുണകരമായ ഹ്യുമാനിറ്റീസ് ബാച്ചുകള്‍ ആരംഭിക്കാത്തത് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.