Connect with us

Malappuram

പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്റെ മര്‍ദനം

Published

|

Last Updated

പെരിന്തല്‍മണ്ണ: രണ്ടാനച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന ഒന്നര വയസുകാരി ഫിദ ഫാത്വിമയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മലപ്പുറം ജില്ലാ ശിശു ക്ഷേമ സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്. ഈ കേസില്‍ കുട്ടിയുടെ ഉമ്മക്കും പങ്കുള്ളതുകൊണ്ട് അവര്‍ക്കെതിരെയും കേസെടുക്കും.
സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആവശ്യമായ ശിപാര്‍ശ സമര്‍പ്പിക്കാനും ശിശുക്ഷേമ സമിതി തീരുമാനിച്ചു. ചെയര്‍മാന്‍ അഡ്വ. ഷരീഫ് ഉള്ളത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി തെളിവെടുത്തു. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ജില്ലാ പ്രൊബേഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഈ തീരുമാനം.
അതുപോലെ ഇ എം എസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സമിതി സര്‍ക്കാറിനോടാവശ്യപ്പെട്ടു. കഴിഞ്ഞ 19നായിരുന്നു ചെറുകര പാറക്കല്‍ ചോല ഹഫ്‌സത്തിന്റെ ഒന്നര വയസുള്ള ഫിദാ ഫാത്തിമയെ രണ്ടാനച്ഛന്‍ പയ്യനാട് പൊഴുതന ചിരവന്‍കുഴി അലി ചുമരിലിടിച്ച് തലക്ക് പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കുട്ടിയുടെ ഉമ്മയുടെ ഭാഗത്ത് നിന്നും വീഴ്ച വന്നതായും സമിതി വിലയിരുത്തി. കേസില്‍ മാതാവിനെ പ്രതി ചേര്‍ക്കാനും റിമാന്‍ഡിലുള്ള രണ്ടാനച്ഛനെതിരെ വധശ്രമത്തിന് കേസെടുക്കാനും സമിതി പോലീസിന് നിര്‍ദേശം നല്‍കി. അലിയുടെ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. ഇതു സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി പോലീസിന് നിര്‍ദേശം നല്‍കി. ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ആശുപത്രി അധികൃതരോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ചെയര്‍മാനെ കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം കെ പി ഷാജി, ജില്ലാ പ്രൊബേഷണല്‍ ഓഫീസര്‍ ഷെമീര്‍ മച്ചിങ്ങല്‍, സമിതി അംഗങ്ങളായ അഡ്വ. ഹാരിസ് പഞ്ചിളി, എം മണികണ്ഠന്‍, ജില്ലാ ചൈല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ കെ പി സലീം എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു. ആശുപത്രി ചെയര്‍മാന്‍ ഡോ. എ മുഹമ്മദ്, ജനറല്‍ മാനേജര്‍ എം അബ്ദുല്‍ നാസര്‍, കുട്ടിയെ ചികിത്സിക്കുന്ന ന്യൂറോ സര്‍ജ്ജന്‍, ഡോ. എ വി ജയകൃഷ്ണന്‍ എന്നിവരോടും സമിതി അംഗങ്ങള്‍ വിവരം ശേഖരിച്ചു. ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. രണ്ടാനച്ഛന്‍ അലിയെ കോടതി റിമാന്‍ഡ് ചെയ്തു. കുറച്ച് ദിവസം കൂടി ന്യൂറോ-തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തുടരേണ്ടി വരുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest