ഉക്രൈനില്‍ റഷ്യ ഇടപെടല്‍ ശക്തമാക്കുന്നു

Posted on: July 27, 2014 12:30 am | Last updated: July 27, 2014 at 12:30 am

കീവ്: യാത്രാ വിമാനം തകര്‍ക്കപ്പെട്ടതിന് പിന്നാലെ സംഘര്‍ഷബാധിതമായ പടിഞ്ഞാറന്‍ ഉക്രൈനില്‍ റഷ്യ ഇടപെടല്‍ ശക്തമാക്കുന്നു. ഉക്രൈന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ റഷ്യ തങ്ങള്‍ക്കുള്ള പങ്ക് വര്‍ധിപ്പിക്കുംവിധം കൂടുതല്‍ റഷ്യന്‍ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിക്കുകയും വിമതര്‍ക്ക് ടൊര്‍ണാഡോ റോക്കറ്റ് ലോഞ്ചറടക്കമുള്ള അത്യാധുനിക ആയുധങ്ങള്‍ നല്‍കുകയും ചെയ്തതായി അമേരിക്കയുടെയും ഉക്രൈനിന്റെയും ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
അതിര്‍ത്തിയില്‍ ടാങ്കറുകളടക്കമുള്ള വന്‍ ആയുധങ്ങള്‍ റഷ്യ വിന്യസിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളുടെയും സൈനിക രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് പടിഞ്ഞാറന്‍ ഉക്രൈനിനെ ലക്ഷ്യമാക്കി നിരവധി ടാങ്കര്‍ ആക്രമണങ്ങള്‍ നടത്തിയതായി ഉക്രൈനും അമേരിക്കയും ആരോപിച്ചു. എന്നാല്‍ കടന്നുകയറ്റ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചിട്ടുണ്ട്. 298 യാത്രക്കാരുമായി പോയ മലേഷ്യന്‍ വിമാനം റഷ്യ നല്‍കിയ മിസൈല്‍ ഉപയോഗിച്ചാണ് ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതര്‍ തകര്‍ത്തതെന്ന ആരോപണം നിലനില്‍ക്കെ, റഷ്യ ഉക്രൈനിലെ ഇടപെടല്‍ വര്‍ധിപ്പിച്ചത് മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കും.