Connect with us

Editorial

മൂന്നാറിന്റെ വിധി

Published

|

Last Updated

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വി എസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ക്കെതിരെ ഹൈക്കോടതി ഉത്തരവ്. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി തിരിച്ച് നല്‍കാനും ഉത്തരവുണ്ട്. ക്ലൗഡ്-9 ,മൂന്നാര്‍ വുഡ്‌സ്, അബാദ് റിസോര്‍ട്ട് എന്നിവയുടെ ഉടമകള്‍ നല്‍കിയ ഹരജികളിന്മേലാണ് ഉത്തരവ്. ക്ലൗഡ്-9 റിസോര്‍ട്ട് ഇടിച്ച് നിരപ്പാക്കിയതിന് താത്കാലിക നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണം. ഏലംകൃഷിക്ക് നല്‍കിയ ഭൂമി പാട്ട വ്യവസ്ഥയുടെ ലംഘനം ആരോപിച്ച് തിരിച്ചെടുക്കാന്‍ കളക്ടര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരുള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്. 1939ലെ തിരുവിതാംകൂര്‍ ഏലപ്പാട്ട നിയമം നിലവിലില്ലാത്ത സാഹചര്യത്തില്‍ എന്ത് അധികാരം ഉപയോഗിച്ചാണ് ഭൂമി ഏറ്റെടുത്തതെന്ന് കോടതി ചോദിച്ചു.കോടതിയുടെ ഉത്തരവിന് അവരുടേതായ ന്യായമുണ്ടാകാമെങ്കിലും, സര്‍ക്കാറിനെ സംബന്ധിച്ച് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. വാദം പൂര്‍ത്തിയാക്കി എട്ടുമാസമായി വിധിപറയാതെ വെച്ച കേസില്‍, സ്ഥാനക്കയറ്റം ലഭിച്ച് സംസ്ഥാനം വിടുന്നതിന് തൊട്ട്മുമ്പ് വിധിപറഞ്ഞതില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം ചോദ്യംചെയ്തുകൊണ്ടുള്ള വിധി ഏതായാലും വരും നാളുകളില്‍ ചൂടുപിടിച്ച വിവാദങ്ങള്‍ക്ക് വഴിതുറക്കുമെന്ന് തീര്‍ച്ച. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് പ്രത്യാശിച്ച വി എസ്, അല്ലാത്തപക്ഷം നേരിട്ട് കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിധി പഠിച്ച് ആവശ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും പതിനാറായിരം ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കുകയും ചെയ്തതിനോടനുബന്ധിച്ച കേസുകളില്‍ ഒരു വര്‍ഷം മുമ്പ്തന്നെ വാദം കേള്‍ക്കുകയും വിധി പറയുകയും ചെയ്തിട്ടുണ്ട്. വിധികളെല്ലാം സര്‍ക്കാറിന് അനുകൂലമായിരുന്നു.
ലോകത്തെ നമ്പര്‍ വണ്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന് എന്ന വിശേഷണം മൂന്നാറിനുള്ളതാണെന്ന് നിസംശയം പറയാം. അനുപമമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും മൂന്നാറിനെ ശ്രേഷ്ടമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്കൊപ്പം കൈയേറ്റക്കാരും കുടിയേറ്റക്കാരും ഇവിടെ കടന്ന്‌വന്നു. കൈക്കരുത്തുള്ളവരും പണച്ചാക്കുകളും വെറുതെയിരുന്നില്ല. തോട്ടങ്ങള്‍ക്കായി അധികാരികളില്‍ നിന്നും ആയിരക്കണക്കിന് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്തവര്‍, ഇവിടം പൊന്ന് വിളയിച്ചു. അതോടൊപ്പം കൂടുതല്‍ ഭൂമി അനധികൃതമായി വെട്ടിപ്പിടിച്ച് കാട്ടുരാജാക്കന്മാരായി. ആദിവാസികളടക്കമുള്ള തദ്ദേശീയര്‍ സ്വന്തം ഭൂമിയില്‍ നിന്നും അടിച്ചിറക്കപ്പെട്ടു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും കാട്ടുരാജാക്കന്മാര്‍ ഭൂമി തിരിച്ചുകൊടുത്തില്ല. അധികാരികളും മാറിമാറിവന്ന ഭരണകൂടങ്ങളും ഭൂമി പിടിച്ചെടുക്കുന്നതില്‍ താത്പര്യം കാട്ടിയതുമില്ല. ഇത് അവസരമായിക്കണ്ട് ഭൂമാഫിയകള്‍ വനഭൂമിയും തോട്ടങ്ങളും വെട്ടിമുറിച്ച് റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കി. നദീതീരങ്ങള്‍ പോലും വെറുതെ വിട്ടില്ല. അധികാരകേന്ദ്രങ്ങള്‍ പലതും അവര്‍ക്ക് വിധേയരായി. അനധികൃതമായി ഭൂമി കൈയ്യേറിയവര്‍ വനഭൂമിപോലും വെട്ടിമുറിച്ച് വില്‍പന നടത്തി. കേസും കൂട്ടവുമായപ്പോഴും അനധികൃത കൈയ്യേറ്റം അവിരാമം തുടര്‍ന്നുകൊണ്ടിരുന്നു. മാറിമാറിവന്ന ഇടത്, വലത് ഭരണകൂടങ്ങള്‍ പാട്ട ഭൂമിയും സര്‍ക്കാര്‍ ഭൂമിയും തിരിച്ചറിയാന്‍ സര്‍വെയും, റിസര്‍വെയും നടത്തിയെങ്കിലും ഒരൊറ്റ കൈയ്യേറ്റക്കാരനേയും ഇറക്കിവിട്ടില്ല.
പക്ഷെ അതില്‍ നിന്നുള്ള ഒരു വ്യതിയാനമാണ് 2007മുതല്‍ വി എസ് സര്‍ക്കാര്‍ കാഴ്ചവെച്ചത്. കൈയ്യേറ്രം ഒഴിപ്പിക്കാന്‍ ധീരമായ നടപടികളുമായി വി എസ് മുന്നോട്ട് വന്നു. സര്‍ക്കാര്‍ ഭൂമി അളന്ന് തിരിച്ച് ജണ്ടകളിട്ടു. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2007 മെയ് 13 മുതല്‍ ജൂണ്‍ 7വരെ 91 കെട്ടിടങ്ങള്‍ ഇടിച്ച് നിരപ്പാക്കി. സംസ്ഥാന ജനത നാളതുവരെ കാണാത്ത നടപടിയായിരുന്നു ഇത്. കൈയ്യേറ്റക്കാരും ഭൂ മാഫിയകളില്‍ ചിലരുമല്ലാതെ പൊതുജനങ്ങള്‍ സര്‍ക്കാര്‍ നടപടിക്കൊപ്പം നിന്നു.
പക്ഷെ, ബഹുനില റിസോര്‍ട്ടുകള്‍ ഇടിച്ച് നിരപ്പാക്കുന്ന കാര്യത്തില്‍ പലര്‍ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നു എന്നത് വസ്തുതയാണ്. പൊതുസ്വത്താക്കി ഇവ ഉപയോഗപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും അഭിപ്രായമുണ്ടായി. അധികം കഴിയും മുമ്പ് എല്‍ ഡി എഫില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ മന്ദീഭവിച്ചു. യു ഡി എഫ് സര്‍ക്കാറിനും അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് തന്നെയാണ് നിലപാട്. ഏതായാലും ഹൈക്കോടതി ഉത്തരവിന് വിധേയമായേ തുടര്‍നടപടികള്‍ ഉണ്ടാവാനിടയുള്ളു. കാലഹരണപ്പെട്ട തിരുവിതാംകൂര്‍ ഏലപ്പാട്ട നിയമത്തിന്റെ ബലത്തില്‍ കളക്ടര്‍ എങ്ങിനെ ഭൂമിഏറ്റെടുക്കാന്‍ മുതിര്‍ന്നുവെന്ന ഹൈക്കോടതിയുടെ ചോദ്യം അംഗീകരിക്കാമെങ്കിലും, അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് നിയമ സാധുതയുണ്ടോ എന്ന ചോദ്യം ഉത്തരം ലഭിക്കാതെ അവശേഷിക്കുന്നു. വരാനിരിക്കുന്ന നാളുകളില്‍ ഈ ചോദ്യം കൂടുതല്‍ ശക്തിയായി ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

Latest