Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ തോക്കുകള്‍ രചിക്കുന്നത് കൊടും ക്രൂരതയുടെ ഏടുകള്‍

Published

|

Last Updated

ഗാസ സിറ്റി: ഗാസയില്‍ മനുഷ്യത്വരഹിതമായ ആക്രമണം തുടങ്ങിയ വേളയില്‍ ഉന്നയിച്ച സ്വന്തം ന്യായവാദങ്ങളെയും ലംഘിച്ച് ഇസ്‌റാഈലിന്റെ നരമേധം. വീട് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് വീട് വിട്ടിറങ്ങിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്ന കേട്ടുകേള്‍വിയില്ലാത്ത ആക്രമണ “തന്ത്ര”മാണ് ഇസ്‌റാഈല്‍ സൈനികര്‍ പയറ്റുന്നത്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സുകളെയും ഡോക്ടര്‍മാരെ പോലും വെറുതെവിടാതെ വിധ്വംസനത്തിന്റെ അട്ടഹാസം മുഴക്കുന്നു ഇസ്‌റാഈല്‍ സൈന്യം.
ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതു കൊണ്ടാണ് വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്നാണ് പിടിച്ചുനില്‍ക്കാന്‍ ഇസ്‌റാഈല്‍ ഉന്നയിച്ച ആദ്യ ന്യായവാദം. ഇന്നലെ ദഖ കുടുംബത്തിലെ അഞ്ച് സഹോദരന്‍മാര്‍ ഇസ്‌റാഈലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ എല്ലാവരും ഫതഹ് ഗ്രൂപ്പ് അംഗങ്ങളായിരുന്നു. മരിച്ചവരില്‍ അക്രം ഇബ്‌റാഹീം അബൂ ദഖ എന്നയാള്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസില്‍ ജോലി ചെയ്തയാളാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ ആദില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. “ഒരു ഹമാസ് അനുകൂലിയും ഞങ്ങളുടെ കുടുംബത്തിലില്ല” സഹോദരന്‍മാരുടെ ഖബറടക്ക വേളയില്‍ അബ്ദുര്‍റഈഫ് വിലപിക്കുന്നു. ഖബറടക്കത്തിന് എത്തിയവര്‍ക്ക് മുകളിലൂടെ അപ്പോഴും തീ തുപ്പി മതിവരാതെ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു.
ഇവിടെ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ ഫൗല്ല ശബ്ആന്‍ എന്ന യുവതി തന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ കാറോടിച്ച് പോകുന്നു. റഗ്ദ എന്ന പേരുള്ള കുഞ്ഞിനെ പൊതിഞ്ഞ പുതപ്പില്‍ ചോരയൊലിക്കുന്നുണ്ട്. കരച്ചിലോടെ ശബ്ആന്‍ പറയാന്‍ തുടങ്ങി “വീടൊഴിഞ്ഞില്ലെങ്കില്‍ വെടിവെപ്പില്‍ കൊല്ലപ്പെടുമെന്ന് ഇസ്‌റാഈലീ സൈനികര്‍ മുന്നറിയിപ്പ് നല്‍കിയതു കൊണ്ടാണ് വെളുത്ത പതാകയുമേന്തി തെരുവിലേക്കിറങ്ങിയത്. എന്നാല്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ടാങ്കുകള്‍ വെടിവെപ്പ് തുടങ്ങി. അതിലാണ് കുഞ്ഞു റഗ്ദക്ക് പരുക്കേറ്റത്. ഭര്‍ത്താവും മറ്റ് കുട്ടികളും തെരുവിലുണ്ട്. അവര്‍ക്ക് എന്ത് പറ്റിയെന്ന് അറിയില്ല.”
അഭയ കേന്ദ്രത്തില്‍ പോലും ആക്രമണം നടത്താന്‍ മടിക്കാത്ത ക്രൂരതയിലേക്ക് ഇസ്‌റാഈല്‍ വളര്‍ന്നുവെന്നതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞ ദിവസത്തെ യു എന്‍ സ്‌കൂള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണം. ബൈത് ഹാനൂനിലെ അഭയാര്‍ഥി ക്യാമ്പുകളെ സംബന്ധിച്ച് നേരത്തെ തന്നെ ഇസ്‌റാഈല്‍ അധികൃതര്‍ക്ക് യു എന്‍ വിവരം നല്‍കിയതായിരുന്നു. പരുക്കേറ്റ് ആശുപത്രികളിലേക്ക് കുതിക്കുന്ന ആംബുലന്‍സുകളെയും ഇസ്‌റാഈല്‍ ലക്ഷ്യം വെക്കുന്നുണ്ട്. ഖോസ, അബാസാന്‍ പ്രദേശങ്ങളിലാണ് ഇത്തരം ക്രൂരത അരങ്ങേറുന്നത്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ അനുമതിയോടെയാണ് തകര്‍ന്ന വീടുകളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റാന്‍ തുടങ്ങിയത്. ആശുപത്രിയിലേക്ക് പോകാന്‍ അനുമതി ലഭിച്ചതും ഇസ്‌റാഈല്‍ സൈന്യം വെടിവെപ്പ് ആരംഭിച്ചതായി വിസാന്‍ നബ്ഹാന്‍ എന്ന സന്നദ്ധപ്രവര്‍ത്തകന്‍ സാക്ഷ്യപ്പെടുത്തുന്നു.
ഖോസയില്‍ കമാല്‍ മുഹമ്മദ് ഖുദയ്യ എന്നയാളുടെ സഹോദരന്‍ അഹ്മദിനെ പരിചരിക്കാന്‍ ഡോക്ടര്‍ അടങ്ങിയ ഒരു സംഘം വന്നു. അടുത്തുള്ള വീടുകളും സന്ദര്‍ശിച്ച് പരുക്കേറ്റവര്‍ക്ക് സംഘത്തിലെ ഡോക്ടര്‍ ആവുന്നതെല്ലാം ചെയ്തു. എന്നാല്‍ ഇതറിഞ്ഞ ഇസ്‌റാഈല്‍ സൈന്യം ഡോക്ടര്‍ താമസിച്ച വീട് ലക്ഷ്യമാക്കി ആക്രമണം നടത്തി. ഇതില്‍ ആ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രോഗികളും ഡോക്ടറും ആ സംഘവും കൊല്ലപ്പെട്ടു. നാളെ എത്ര പേര്‍ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കറിയാം.” കമാല്‍ നെടുവീര്‍പ്പിടുന്നു.

Latest