Connect with us

Gulf

'രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവര്‍ അനശ്വരര്‍' താരിഖ് അല്‍ ശെഹിയുടെ കുടുംബത്തെ ആദരിച്ചു

Published

|

Last Updated

യു എ ഇ സായുധ സേനാ ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ
ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ താരിഖ് അല്‍ ശിഹിയുടെ
കുടുംബത്തെ ആദരിച്ചപ്പോള്‍

അബുദാബി: രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍ അനശ്വരരാണെന്ന് യു എ ഇ സായുധ സേനാ ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
ബഹ്‌റൈനില്‍ കൊല്ലപ്പെട്ട ജി സി സി സമാധാന സേനാംഗവും യു എ ഇ പോലീസ് ഉദ്യോഗസ്ഥനുമായ താരിഖ് അല്‍ ശിഹിയുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജന. ശൈഖ് മുഹമ്മദ്.
യു എ ഇയുടെ ധീര രക്തസാക്ഷികള്‍ നമ്മോടൊപ്പം ഓര്‍മകളില്‍ ഇപ്പോഴും ജീവിക്കുന്നു. അവരുടെ ത്യാഗത്തിന്റെയും ധീരതയുടെയും ഫലമായി അവര്‍ അനശ്വരരാണ്- ശൈഖ് മുഹമ്മദ് പറഞ്ഞു. “നമ്മളെല്ലാവരും ശൈഖ് സായിദിന്റെ മക്കളാണ്. ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ആ കുടുംബത്തിലെ ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ ധീരതയെ ആദരിക്കുകയാണ് ഇവിടെ. ഏകീകൃത യു എ ഇയുടെ ഏറ്റവും പ്രിയപ്പെട്ട മകനെയാണ് നമ്മുടെ കുടുംബത്തിന് നഷ്ടപ്പെട്ടത്.
ആ ത്യാഗോജ്ജ്വല ജീവിതത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല. ദേശത്തിന്റെ മഹത്വവും പുരോഗതിയും ഉയര്‍ത്തിപ്പിടിക്കാന്‍ ജീവത്യാഗം ചെയ്തതിനെ രാജ്യം എന്നും ആദരിക്കും”- ശൈഖ് മുഹമ്മദ് പറഞ്ഞു.പടിഞ്ഞാറന്‍ മേഖലാ ഭരണ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി എക്‌സി. കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Latest